ഡിമ്മും ബ്രൈറ്റും ,എപ്പോൾ,എങ്ങനെ ?

 ഡിമ്മും ബ്രൈറ്റും ,എപ്പോൾ,എങ്ങനെ ?

                                           നാലുചക്രവാഹനങ്ങൾ മുതൽ മുകളിലേക്കുള്ള വാഹനങ്ങൾക്ക് രണ്ടു ഹെഡ് ലൈറ്റ് ഉണ്ടെന്നുള്ളത് നമുക്കറിയാം.ഇപ്പോളിറങ്ങുന്ന ത്രിചക്രവാഹനങ്ങൾക്കും രണ്ടു ഹെഡ് ലൈറ്റുകളാണ് ഉള്ളത്.ഇവയിൽ നിന്നുള്ള പ്രകാശം രണ്ടു വിധത്തിലാണ് പുറത്തേക്കു വരിക.ഒന്ന് ഹൈ ബീം എന്നും മറ്റേത് ലോ ബീം എന്നും അറിയപ്പെടുന്നു.സാധാരണയായി ഡിമ്മും ബ്രൈറ്റും എന്നാണ് ഇതിനെ നമ്മൾ പറയുക.ഇതിൽ ഹൈ ബീം എന്നത് ബ്രൈറ്റും ലോ ബീം എന്നത് ഡിമ്മും ആണ്,

               ഹൈ ബീം അഥവാ ബ്രൈറ്റ് പേര് സൂചിപ്പിക്കുന്നത് പോലെ ഉയരത്തിലും നീളത്തിലും പ്രകാശവിതാനം പരത്തുന്നതാണ്.വാഹനമോടിക്കുമ്പോൾ സാധാരണയായി ബ്രൈറ്റ് ആണ് നാം ഉപയോഗിക്കുക.എതിരെ വരുന്ന വാഹനങ്ങൾ കാണാൻ ഇതിൻറ്റെ ആവശ്യമില്ല,ലോ ബീം അഥവാ ഡിം ആണെങ്കിലും മതി.എന്നാൽ വഴി നന്നായിട്ട് കാണാൻ ബ്രൈറ്റ് കൂടിയേ തീരൂ.

                                                                                             ഹെഡ് ലൈറ്റിട്ടു പോകുന്ന രണ്ട്  വാഹനങ്ങൾ രണ്ടുമോ രണ്ടിലേതെങ്കിലും ഒന്നോ ബ്രൈറ്റിലിട്ട്  വിപരീത ദിശയിൽ വന്നാൽ വെട്ടം ഡ്രൈവറുടെ കണ്ണിൽ പതിക്കാനും  വണ്ടിയുടെ നിയന്ത്രണം നഷ്ടമാവാനും  അപകടം ഉണ്ടാവാനും  സാധ്യതയുണ്ട് 

                                                             എതിരെ വണ്ടി വരുന്നത് കണ്ടാൽ ഹെഡ് ലൈറ്റ് ഡിം ആക്കുക എന്നതാണ് നാം ചെയ്യേണ്ടത്.മറ്റെയാൾ ഡിം ആക്കട്ടെ എന്നിട്ട് ഞാൻ ഡിം ആക്കാം എന്ന വാശിയൊന്നും ഇക്കാര്യത്തിൽ വേണ്ട.നമ്മൾ ആദ്യം ഡിമ്മാക്കിയിട്ടും മറ്റെയാൾ ഡിമ്മാക്കുന്നില്ല എങ്കിൽ ഒന്ന് ബ്രൈറ്റാക്കി വേഗം തന്നെ ഡിമ്മാക്കി അയാളെ ഒന്നോർമ്മപ്പെടുത്തതാവുന്നതാണ്.എന്നിട്ടും ഡിമ്മാക്കി തരുന്നില്ലെങ്കിൽ ചെറുതായി ഒന്ന് ഹോൺ അടിച്ച് അയാളുടെ ശ്രദ്ധയെ ഒന്ന് ക്ഷണിക്കാവുന്നതാണ്.എന്നിട്ടും രക്ഷയില്ലെങ്കിൽ സ്പീഡ് കുറച്ച് സൈഡ് ഒതുക്കി കടന്നുപോകാവുന്നതാണ്.അതിനും  പറ്റുന്നില്ലായെങ്കിൽ ഒന്ന് നിർത്തിയിട്ട് അയാൾ കടന്നുപോയതിനു ശേഷം കടന്നുപോകാവുന്നതാണ്.അയാൾ കാരണമോ നമ്മൾ കാരണമോ അയാളോ നമ്മളോ മൂന്നാമത് മറ്റാരെങ്കിലുമോ അപകടത്തിൽ പെടാൻ പാടില്ലല്ലോ.

                                                                           എതിരെ വാഹനങ്ങൾ വരുമ്പോൾ മാത്രമാണോ ഡിം പൊസിഷനിൽ വണ്ടിയോടിക്കേണ്ടത്.അല്ല ,നമ്മൾ ഒരു വാഹനത്തെ പിന്തുടരുമ്പോളും ഡിമ്മിൽ വേണം ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കാൻ .കാരണം ബ്രൈറ്റ് പൊസിഷനിലുള്ള ലൈറ്റ് ബീം മുമ്പിൽ വാഹനമോടിക്കുന്ന ആളുടെ കണ്ണിലേക്ക് റിയർ വ്യൂ മിറർ വഴി റിഫ്ലെക്ട് ചെയ്ത് കാഴ്ച തടസപ്പെടാനും അങ്ങനെ അപകടത്തിൽ പെടാനും സാധ്യതയുണ്ട്.

                                           വളവുകളിൽ എങ്ങനെ വേണം ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കാൻ ?ഡിമ്മും ബ്രൈറ്റും പൊസിഷനുകളിൽ മാറിമാറി ഹെഡ് ലൈറ്റ് ഇട്ട് മറ്റൊരു വാഹനം വരുന്നുണ്ടെന്ന് എതിരെ വരുന്ന വാഹനത്തിൻറ്റെ ഡ്രൈവറെ ബോധ്യപ്പെടുത്തുക .വാഹനം എതിരെ വരുന്നുണ്ടോ എന്നറിയാൻ നമുക്ക് മാർഗങ്ങൾ  ഒന്നും ഇല്ലല്ലോ.വളവ് അടുക്കുമ്പോൾ ഡിമ്മാക്കി ഹോൺ അടിച്ച് സ്പീഡ് കുറച്ച് പോവുക.എതിരെ വാഹനം വരുന്നില്ലെങ്കിൽ ബ്രൈറ്റ് പൊസിഷനിലേക്ക് മാറ്റാം.എതിരെ വാഹനം വരുന്നുണ്ടെങ്കിലും ഡിം പൊസിഷനിലായതിനാൽ ആ വാഹനത്തിൻറ്റെ ഡ്രൈവർക്ക് കാഴ്ച മങ്ങുന്ന പ്രശ്‍നം ഉണ്ടാവില്ല.എന്നാൽ ബ്രൈറ്റ് പൊസിഷനിലാണെങ്കിൽ വളവിൽ സ്റ്റിയറിംഗ് കൈകാര്യം ചെയ്യുന്നതും ഡിമ്മാക്കുന്നതും ഒരുമിച്ച് ചെയ്യാൻ സാധിക്കാതെ വരികയോ താമസിച്ച് പോവുകയോ ചെയ്താൽ കുഴപ്പത്തിൽ ചെന്ന് പെടാൻ ഇടയുണ്ട്.

                                                      രാത്രിയിൽ ഹോൺ അടിക്കേണ്ട കാര്യമേ ഇല്ല.ഹെഡ് ലൈറ്റ് ഡിമ്മും ബ്രൈറ്റുമാക്കി പോയാൽ മതി ,എന്നൊക്കെ ചിലർ പണ്ടൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.നമ്മുടെ ഉദ്ദേശ്യം അപകടമൊഴിവാക്കുക എന്നതായതിനാൽ ഇത്തരം മാമൂലുകളൊന്നും കണക്കിലെടുക്കേണ്ട കാര്യമില്ല.ഹോൺ മുഴക്കുന്നത് മറ്റുള്ളവർക്ക് ശല്യവും ഉപദ്രവവും ആകാതിരുന്നാൽ മതി.നിശ്ചിത പാളത്തിലൂടെ ഓടുന്ന ട്രെയിൻ പോലും രാത്രി ഹോൺ മുഴക്കിയാണ് കടന്നു പോവുന്നതെന്ന് നമുക്കറിവുള്ള കാര്യമാണല്ലോ.

                                   വൺവേയിലൂടെ പോവുമ്പോളും എതിരെ വാഹനങ്ങൾ വന്നാൽ ഡിം പൊസിഷനിലാക്കി വേണം വണ്ടിയോടിക്കാൻ.വഴി നന്നായി കാണാൻ പറ്റുന്നുണ്ടെങ്കിലും ഡിം പൊസിഷനിൽ തന്നെ വണ്ടിയോടിക്കാം .

                                   

                               















                                               






.(തുടരും)







 



Post a Comment

0 Comments