വേഗത കുറയ്‌ക്കൂ ജീവൻ രക്ഷിയ്ക്കൂ

വേഗത കുറയ്‌ക്കൂ ജീവൻ രക്ഷിയ്ക്കൂ  

                                                                               


   വാഹനാപകടങ്ങളുടെ വാർത്തകൾ കേൾക്കാത്ത ഒരു ദിവസം പോലുമില്ലെന്നായി.പ്രത്യേകിച്ച് ഈ കോവിഡ് മഹാമാരിയുടെ കാലത്ത്.പൊതുഗതാഗതസൗകര്യങ്ങൾ ലോക്ക് ഡൌൺ കാലഘട്ടത്തിൽ തീരെ  ഇല്ലാതായതും പിന്നീട് ഇളവുകൾ അനുവദിയ്കപ്പെട്ടിട്ടും വേണ്ടത്ര ലഭ്യമല്ലാതായതുമൊക്കെ സ്വകാര്യവാഹനങ്ങൾ നിരത്തുകളിൽ പെരുകുന്നതിന് ഇടയാക്കി.ഒപ്പം അപകടങ്ങളുടെ എണ്ണവും കൂടിവന്നു.കൂടുതൽ അപകടങ്ങളിലും വില്ലനാവുന്നത് അമിതവേഗത തന്നെയാണ്.പെട്ടെന്ന് ഒരു സ്ഥലത്തെത്താൻ വേണ്ടിയാണ് നമ്മൾ വാഹനങ്ങളെ ആശ്രയിയ്ക്കുന്നത്.

ദൈവത്തെ വിളിക്കാൻ പള്ളിയിലും അമ്പലങ്ങളിലും പോവണമെന്നില്ല ഇപ്പോൾ .മരണപ്പാച്ചിൽ പായുന്ന ചില സ്വകാര്യബസുകളിൽ കയറി യാത്ര ചെയ്‌താൽ മതി .എത്ര ദൈവവിശ്വാസമില്ലാത്തയാളും ഈശ്വരാ എന്ന് വിളിച്ചുപോകും.

ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് ,"HURRY MAKES WORRY".(ധൃതി ദുഖത്തിന് കാരണമാകുന്നു എന്ന് വേണമെങ്കിൽ പറയാം).അമിത വേഗം ആപത്ത് എന്ന് പലയിടത്തും എഴുതിവെച്ചിട്ടുള്ളത് നമ്മൾ കണ്ടിട്ടുണ്ട്.പക്ഷെ എട്ടിലപ്പടി ,പയറ്റിലിപ്പിടി എന്ന മട്ടിലാണ് കാര്യങ്ങൾ.

                                                         നാം വാഹനങ്ങളുപയോഗിയ്ക്കുന്നത് വേഗത്തിൽ  ലക്ഷ്യത്തിലെത്തിച്ചേരാനാണ്.അപകടത്തിൽപെടാനല്ല.അതുകൊണ്ടുതന്നെ അമിതവേഗം അവസാനിപ്പിച്ചേ പറ്റൂ.

                                                                                     ഒരു വാഹനം അമിതവേഗതയിൽ ഓടിയ്ക്കുമ്പോൾ എന്തെല്ലാമാണ് സംഭവിയ്ക്കുന്നത്?പെട്ടെന്ന് നിർത്തി ഒരപകടം ഒഴിവാക്കാൻ സാധിയ്ക്കാതെ വരുന്നു.വേഗത കൂടുന്ന വാഹനം എവിടെയെങ്കിലും ചെന്നിടിച്ചാൽ ആഘാതം കൂടുതലായിരിയ്ക്കും.വാഹനത്തിൻറ്റെ വലിപ്പവും ഭാരവുംവേഗതയും  കൂടുന്നതനുസരിച്ച് ഉണ്ടാകാവുന്ന അപകടത്തിൻറ്റെ ഗുരുതരാവസ്ഥയും വർദ്ധിയ്ക്കുന്നു.

                                         അമിതവേഗതയിൽ വാഹനമോടിച്ച് അപകടത്തിൽപ്പെടുന്നത് കൂടുതലും ഇരുചക്രവാഹനങ്ങളോടിയ്ക്കുന്ന കൗമാരക്കാരാണ്.വണ്ടി വാങ്ങിക്കൊടുത്തുകഴിഞ്ഞ് അത് ഉപയോഗിയ്ക്കേണ്ടത് എങ്ങനെയെന്ന് പറഞ്ഞു കൊടുത്തിട്ട് കാര്യമില്ല.ഓടിയ്ക്കാൻ പഠിപ്പിയ്ക്കുമ്പോൾ തന്നെ നിയമം പാലിയ്ക്കേണ്ടതിൻറ്റെ അനിവാര്യത അവരെ പറഞ്ഞുമനസ്സിലാക്കി കൊടുക്കേണ്ടതാണ്.സുരക്ഷിതമായും നിയമങ്ങൾ പാലിച്ചും വേണം വാഹനങ്ങൾ ഓടിയ്ക്കാൻ.

                                                               മറ്റു വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓടിയ്ക്കുന്നയാളുടെ ശരീരത്തിൻറ്റെ ബാലൻസ് കൊണ്ട് കൂടിയാണ് ഇരുചക്രവാഹനങ്ങൾ ഓടിയ്ക്കുന്നത്.ഈ ബാലൻസ് ആവട്ടെ വാഹനം ഉരുണ്ടുകൊണ്ടിരിയ്ക്കുന്ന അവസ്ഥയിൽ മാത്രമേ ഉണ്ടാവൂ.എന്ന് മാത്രമല്ല വാഹനത്തിനുവെളിയിലാണ് ഓടിയ്ക്കുന്നയാളുടെ സ്ഥാനം.ഇതൊക്കെ  അപകട സാധ്യത കൂട്ടുന്ന കാര്യങ്ങളാണ്.അപകടം ഉണ്ടായാൽ അതിൻറ്റെ ഗുരുതരാവസ്ഥ കൂട്ടുന്നതും ഇതൊക്കെ തന്നെയാണ്.അതുകൊണ്ടു മറ്റേതൊരു വാഹനം ഓടിയ്ക്കുന്നതിനേക്കാൾ സൂക്ഷ്മത വേണം ഇരുചക്രവാഹനങ്ങളോടിയ്ക്കുന്നതിൽ.

                                                                                        സത്യത്തിൽ ഇരുചക്രവാഹനങ്ങളുടെ ഉദ്ദേശ്യം എന്താണ്?പൊതുഗതാഗതസംവിധാനങ്ങൾ വളരെ വിരളമായ പ്രദേശങ്ങളിൽ അത്തരം സൗകര്യങ്ങൾ സുലഭമായുള്ള ഒരു പ്രദേശത്തേക്ക് അല്ലെങ്കിൽ വീഥിയിലേയ്ക്ക് എത്തിപ്പെടാനുള്ള ഒരു സംവിധാനം മാത്രമാകണം ഇരുചക്രവാഹനങ്ങൾ.ഒരാൾക്ക് ഏറിയാൽ രണ്ടുപേർക്കു മാത്രമായേ ഇരുചക്രവാഹനങ്ങൾ ഉപയോഗപ്പെടുത്തത്താവൂ.അതിലധികം ആൾക്കാർ ഇരുചക്രവാഹനങ്ങൾ ഉപയോഗിയ്ക്കുന്നത് അപകടം വിളിച്ചുവരുത്തും.ഇപ്പോൾ രണ്ടുയാത്രക്കാരും ഹെൽമെറ്റ് ഉപയോഗിയ്ക്കണമെന്ന് കർശനമായും നിയമം നടപ്പിലാക്കിയത് അപകടങ്ങളുടെ ആധിക്യവും വ്യാപ്തിയും കുറയ്ക്കുവാനുതകും .

                                                                       എത്തരം ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?ആവശ്യത്തിലധികം ശക്തിയുള്ള  ബൈക്കുകൾ ആണ് ഇക്കൂട്ടത്തിൽ കൂടുതലും.ഇവയുടെ ഉടമസ്ഥരും  കൈകാര്യക്കാരും കൂടുതലും  കൗമാരക്കാരും ചെറുപ്പക്കാരുമാണ് .സാഹസികതയോടുള്ള ആഭിമുഖ്യം ഇവരിൽ കൂടുതലാണ്.ഇതുതന്നെയാണ് അപകടങ്ങളുടെ പെരുപ്പത്തിന് കാരണവും.

                             ഇവിടെ ശക്തമായ ഒരു ഇടപെടൽ സാധ്യമാവുക രക്ഷിതാക്കൾക്കാണ്.വാഹനം വാങ്ങിക്കൊടുക്കേണ്ടത് ആവശ്യമെങ്കിൽ ആവശ്യത്തിന് ഉതകുന്ന വാഹനം മാത്രം വാങ്ങി നൽകുക.

                                                                                                                                    പിന്നെ ശ്രദ്ധിയ്ക്കാൻ സാധിയ്ക്കുക നിയമപാലകർക്കാണ്.അശ്രദ്ധമായും അമിതവേഗതയിലും പായുന്നവരെ കണ്ടുപിടിച്ച്  അർഹമായ,ന്യായമായ,ശിക്ഷയും ശിക്ഷണവും നൽകുക തന്നെ വേണം.ഒരു ചെറിയ കാലയളവിലേയ്ക്ക് ലൈസൻസ് മരവിപ്പിച്ചാലും തെറ്റില്ല.

                                                               അമിതവേഗതയിൽ  വാഹനം ഓടിയ്ക്കുന്നതിൻറ്റെ മറ്റൊരു കാരണം മദ്യലഹരിയാണ്.വാഹനമോടിയ്ക്കുന്നയാൾ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് അപ്രകാരം ചെയ്തിട്ടുണ്ടെങ്കിൽ അയാളുടെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം സസ്‌പെൻഡ് ചെയ്യുക എന്നതല്ലാതെ ഇതിനു യാതൊരു പരിഹാരവുമില്ല.ഇതിനു നിലവിലുള്ള ബ്രീത് അനലൈസർ ടെസ്റ്റ് മാത്രം മതിയാവില്ല.തത്സമയം തന്നെ രക്തപരിശോധന നടത്തി വാഹനമോടിച്ചയാളുടെ രക്തത്തിലെ ആൽക്കഹോളിൻറ്റെ സാന്നിധ്യം കണ്ടുപിടിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.ഈ കാര്യത്തിൽ ഉണ്ടാകാവുന്ന സമയതാമസം അത് നിമിഷങ്ങളുടേതോ മിനിറ്റുകളുടേതോ ആയാൽ പോലും എത്ര മാത്രം നിരപരാധികളുടെ ജീവൻ തെരുവിൽ പൊലിയാനും തെറ്റുകാർ മാന്യമായി സമൂഹത്തിൽ വിലസിനടക്കാനും ഇടയാകും.

                                                                                        അശ്രദ്ധമായും അമിതവേഗത്തിലും മദ്യലഹരിയിലുമൊക്കെ വാഹനമോടിച്ച് വഴിയാത്രക്കാരുടെയോ മാറ്റുവാഹനയാത്രക്കാരുടെയോ ജീവനെടുക്കുന്നവരെ അറസ്റ്റ് ചെയ്ത് കേസ് എടുക്കുന്നത് മനപ്പൂർവ്വമല്ലാത്ത നരഹത്യയുടെ പേരിലാണ്.ആദ്യം സൂചിപ്പിച്ച കാര്യങ്ങളൊക്കെ നിയമവിരുദ്ധമാണെന്നിരിക്കെ അതിൻറ്റെ പേരിലുണ്ടാകരുന്ന ജീവഹാനിയ്ക്ക് മനപ്പൂർവ്വമായ നരഹത്യയ്ക്ക് കേസ് എടുക്കുകയല്ലേ വേണ്ടത്.                                                     

                             ഹോണടിച്ച് വണ്ടിയോടിയ്ക്കുന്നു എന്നത് ഓവർസ്പീഡ് എടുത്ത് പായുന്നതിന്  ഒരു .ന്യായമാകുന്നില്ല.പ്രത്യേകിച്ച് വളവുകളിൽ.റോഡിൻറ്റെ നടുഭാഗം നോക്കി വണ്ടിയോടിയ്ക്കുന്നതും.വളവുകളിൽ വേഗത കുറച്ച് ലെഫ്റ്റ് സൈഡ് കീപ്പ് ചെയ്തുവേണം വണ്ടിയോടിയ്ക്കാൻ.

                                                                                   മത്സരിയ്ക്കുന്നതെന്തിന്നു നാം വൃഥാ എന്ന് തോന്നും ചിലർ വണ്ടിയോടിയ്ക്കുന്നത് കാണുമ്പോൾ.മുൻപിൽ ഒരു വണ്ടി കണ്ടാൽ പിന്നെ ഒരു വെപ്രാളമാണ് പലർക്കും.എങ്ങനെയും അതിൻറ്റെ  മുന്നിൽ കയറണം.എന്തിന്  എന്നതിനെ പറ്റി ഒരു ചിന്തയുമില്ല.ആവശ്യമില്ലാത്ത ഈ വാശിയാണ് പല അപകടങ്ങൾക്കും കാരണം.

                      ഈ ഒരു പോസ്റ്റിൽ തന്നെ ഇതുമായി ബന്ധപ്പെട്ട് ഒരു പാട് കാര്യങ്ങൾ ഇനിയും പറയേണ്ടി വന്നേക്കാം .

                                    

                                         






Post a Comment

0 Comments