നാം ഒരു വഴിയിലൂടെ വണ്ടിയോടിയ്ക്കുമ്പോൾ ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു പോവുന്ന അനേകം മറ്റുവഴികൾ കാണാറുണ്ട്.പരിചിതമായ വഴിയിലൂടെയാണ് നാം വണ്ടിയുമായി പോകുന്നതെങ്കിൽ അത്തരം വഴികൾ നമുക്ക് ഒരു പ്രശ്നമാകാറില്ല.നമ്മുടെ മുൻപേ പോകുന്ന വാഹനം സൈഡ് തിരിഞ്ഞ്‍ ചിലപ്പോൾ ആ വഴിയിലേക്ക് പോയേക്കാം.ആ വഴികളിൽ നിന്നും വണ്ടികൾ നമ്മുടെ വഴിയിലേയ്ക്ക് കയറിവന്നേക്കാം.പരിചിതമല്ലാത്തതോ ആദ്യമായോ ആയിട്ടുള്ള ഒരു വഴിയിലൂടെ വണ്ടിയോടിയ്ക്കുമ്പോൾ നാം ഒരുപാട് ശ്രദ്ധിയ്ക്കണം.ഇത് നല്ല പരിശീലനം സിദ്ധിച്ചവർക്കും തുടക്കക്കാർക്കും ഒരുപോലെ ബാധകമാണ്.നാം റോഡിൻറ്റെ ഇടതുവശത്തുകൂടിയാണല്ലോ വണ്ടിയോടിയ്ക്കുന്നത്.അതുകൊണ്ടുതന്നെ ഇടതുവശത്തുള്ള വഴിയിൽ നിന്നും നമ്മുടെ വഴിയിലേയ്ക്ക് കയറി വരുന്ന വാഹനങ്ങളെയാണ് കൂടുതൽ ശ്രദ്ധിയ്ക്കണ്ടത്.ഇടത്തേയ്ക്കുള്ള വഴി ദൃശ്യമാകാത്ത സ്ഥിതിയ്ക്ക് എപ്പോൾ വേണമെങ്കിലും വേഗത കുറച്ചോ നിർത്തിയോ വണ്ടി നിയന്ത്രിയ്ക്കാനാവുന്ന വിധത്തിലേ ഓടിയ്ക്കാവൂ.ഇടത്തേയ്ക്കുള്ള വഴി ദൃശ്യമാണെങ്കിൽ വേഗത കുറച്ചും വഴിയുടെ മിഡ്‌ലൈനിനോട് പറ്റുന്നത്ര ചേർന്നും ഹോണടിച്ചും മുൻപോട്ടു പോവുക.വണ്ടി ഇടത് വശത്ത് നിന്ന് വരുന്നത് കാണാൻ പറ്റുന്നു എങ്കിൽ ഹോണടിച്ച് ആ വണ്ടിക്കാരൻറ്റെ ശ്രദ്ധ ക്ഷണിയ്ക്കുക.അയാൾ കയറിപ്പോകുന്നില്ല എന്നുറപ്പാക്കിയിട്ടേ മുൻപോട്ടു പോകാവൂ.അയാൾ മുൻപോട്ട് പോവുകയോ പോകാൻ ശ്രമിയ്ക്കുകയോ ചെയ്യുന്നു എന്ന് തോന്നിയാലോ ബോധ്യമായാലോ നമ്മുടെ വണ്ടി വേഗം കുറച്ച് ,വേണമെങ്കിൽ നിർത്തി അയാളെ കടത്തിവിട്ടേക്കുക.നിയമപരമായി നമ്മൾക്കാണ് കയറിപ്പോകാൻ അവകാശം എന്നതാണെങ്കിലും അപകടം ഒഴിവാക്കാൻ ഇത്തരം ചില വിട്ടുവീഴ്ചകൾ ചെയ്യുന്നതാണ് നല്ലത്.വലതു വശത്തു നിന്നും വരുന്ന വണ്ടികൾ ഇത്തരം അഥവാ ഇത്രയും പ്രശ്നം സൃഷ്ടിക്കുകയില്ലെങ്കിലും നമ്മൾ കുറച്ചൊക്കെ ശ്രദ്ധിയ്ക്കണം.വലതുവശത്ത് നിന്നും റോഡിലേയ്ക്ക് കയറിവരുന്ന വണ്ടി നമ്മുടെ എതിർ ദിശയിലേക്കാണെങ്കിൽ അയാൾ സൈഡ് കീപ് ചെയ്ത് കറക്റ്റ് ആയിട്ടാണോ കയറിവരുന്നത് എന്നത്ശ്രദ്ധിയ്ക്കണം .അല്ല എന്ന് തോന്നിയാൽ ഹോണടിച്ച് ശ്രദ്ധക്ഷണിയ്ക്കുകയും വേഗത കുറച്ചോ സൈഡ് ഒതുക്കിയോ നിർത്തിയോ അയാളെ കടന്നുപോകാനനുവദിച്ച് അപകടസാഹചര്യം ഒഴിവാക്കുകയും വേണം .വലതുവശത്തുനിന്നും മെയിൻ റോഡിലേയ്ക്ക് കയറുന്ന വണ്ടി മുൻപോട്ടാണ് പോകുന്നതെങ്കിൽ സ്പീഡ് കുറച്ച് അധികം നീട്ടിയല്ലാതെ ഒന്ന് ഹോണടിച്ച് അയാളെ കടന്നുപോകാൻ അനുവദിച്ച ശേഷം പിറകെ പോവുക.നമ്മുടെ വാഹനം കണ്ട് അയാൾ പോക്കറ്റ് റോഡിൽ തന്നെ തുടരുകയാണെങ്കിൽ നമുക്ക് മുൻപോട്ട് പോകാം.ഇടതുവശത്തുനിന്നും വരുന്ന വണ്ടി നമ്മുടെ എതിർ ദിശയിലേക്കാണ് വരുന്നതെങ്കിൽ സ്പീഡ് കുറച്ച് അയാൾ റോഡിൻറ്റെ മധ്യരേഖയും അയാളുടെ സൈഡ് വണ്ടി പൂർണമായി ചേർന്ന ശേഷം നമുക്ക് മുൻപോട്ടു പോകാം.
0 Comments