ഇങ്ങനെയൊരു കാര്യം പണ്ടേ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും ഇത്തരത്തിലൊരു പോസ്റ്റ് ഇടണമെന്ന് സ്വപ്നേപി വിചാരിച്ചതല്ല.പക്ഷെ ഇനിയും ഇത് പറയാതിരുന്നാൽ ശരിയാവില്ല എന്ന് തോന്നി.അത് കൊണ്ട് ഇപ്പോൾ പറയുന്നു.
സദാചാരപ്പോലീസുകാരെ പറ്റി നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്.അവരുടെ ലീലാവിലാസങ്ങൾ ഒത്തിരി വായിച്ചിട്ടുമുണ്ട്.ഇത് അവരെപ്പറ്റിയല്ല.വാഹനലോകവുമായി ബന്ധപ്പെട്ടും ഉണ്ട് ഇതുപോലെ ഒരുപാട് വിചിത്രജന്മങ്ങൾ.
വണ്ടി പോയിട്ട് വട്ട് പോലും ഉരുട്ടാൻ അറിയാത്ത കുറെ പേരുണ്ട്..ഇത് പറയുമ്പോൾ വണ്ടി ഓടിയ്ക്കാനറിയുന്നവരെല്ലാം സകലകാലാവല്ലഭന്മാരാണെന്നോ അല്ലാത്തവരെല്ലാം കഴിവ് കെട്ടവരാണെന്നോ അർത്ഥമില്ല.ഇവർ ഇത് രണ്ടുമല്ലാത്ത ഒരു ജനവിഭാഗമാണ് .ആരെങ്കിലും എവിടെയെങ്കിലും വണ്ടി പാർക്ക് ചെയ്യാൻ തുടങ്ങുമ്പോഴോ മുൻപോട്ടോ പുറകോട്ടോ വശം ചേർത്തോ ഒതുക്കിയിടാൻ ശ്രമിയ്ക്കുമ്പോളോ ഈ അഭ്യുദയകാംക്ഷികൾ രംഗപ്രവേശം ചെയ്യുകയായി.വണ്ടിയുടെ നീളമോ വീതിയോ സ്റ്റീയറിങ്ങിൻറ്റെ ഒടിവോ ഒന്നും തന്നെയോ ,പൊതുവെ പറഞ്ഞാൽ വാഹനത്തിൻറ്റെ ലൈനും ലെങ്തുമോ ഇവർക്കറിയില്ല.
പിന്നെയങ്ങോട്ട് നിർദേശങ്ങളും വിമർശനങ്ങളും പരിഹാസങ്ങളുമൊക്കെ തുടങ്ങുകയായി .കിലോമീറ്ററുകളോളം വണ്ടിയോടിച്ച് വന്ന നിങ്ങൾക്ക് വണ്ടിയോടിയ്ക്കാനേ അറിയില്ല,വണ്ടി ഓടിയ്ക്കാൻ പഠിച്ചിട്ട് അധികകാലമായില്ല ,എന്നൊക്കെ പറഞ്ഞുകളയും ഈ പ്രകാശം പരത്തുന്ന പുണ്യാത്മാക്കൾ .ഇവർ പറയുന്നതും കേട്ട് വണ്ടി പാർക്ക് ചെയ്യാൻ തുടങ്ങിയാൽ അപകടം വരുമെന്നുള്ളതിന് ഒരു സംശയവും വേണ്ട.
പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും ഇട കുറഞ്ഞ സ്ഥലങ്ങളിൽ മുൻപോട്ടോ പുറകോട്ടോ ഒതുക്കിയിടാനും, സൈഡ് പറഞ്ഞുതരാൻ അറിയാവുന്ന ആരുടെയെങ്കിലും പ്രത്യേകിച്ചും വണ്ടിയോടിയ്ക്കാൻ നന്നായി അറിയാവുന്നവരുടെ നിർദേശം ഉണ്ടെങ്കിൽ അത് വളരെ സഹായകമാണ്.അവർ പറഞ്ഞു തരുന്നത് വളരെ കൃത്യമായിരിയ്ക്കും .അതല്ലാത്തവർ ഈ ജോലിയ്ക്കു നിൽക്കാതിരിയ്ക്കുന്നതാണ് നല്ലത്.ചില സെക്യൂരിറ്റി സാറന്മാരെക്കൂടി ഉദ്ദേശിച്ചാണ് ഇത് പറയുന്നത്.എല്ലാവരെയുമല്ല.
ഏറ്റവും കഷ്ടമായ വസ്തുത എന്താണെന്നുവെച്ചാൽ ഇവരെപ്പോലുള്ള ആക്ഷേപഹാസ്യ കലാകാരന്മാരെ പേടിച്ചിട്ട് വണ്ടി ഓടിയ്ക്കാൻ പഠിയ്ക്കാനും പഠിച്ചിട്ടുണ്ടെങ്കിൽ തന്നെ പ്രാക്ടീസ് ചെയ്യാനും ഭയക്കുന്ന ഒരുപാട് സഹോദരിമാരുണ്ടെന്നുള്ളതാണ്.
0 Comments