പാദരക്ഷകൾ പുറത്തിടുക .പല സ്ഥലങ്ങളിലും നാമീ മുന്നറിയിപ്പ് കണ്ടിട്ടുണ്ടാവും .വൃത്തിയ്ക്കു പ്രാധാന്യം കൊടുക്കുന്ന സ്ഥലങ്ങളിൽ ഇങ്ങനെ എഴുതിവെച്ചിട്ടുള്ളത് നാം കണ്ടിട്ടുണ്ട്.ഇവിടെ വാഹനസംബന്ധമായും ഡ്രൈവിംഗ് സംബന്ധമായും ഉള്ള കാര്യങ്ങളാണ് പറയുന്നത്.അതുകൊണ്ടു തന്നെ നമുക്കിനി പറയാനുള്ള കാര്യങ്ങൾ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്.
വണ്ടിയോടിയ്ക്കുമ്പോൾ പാദരക്ഷകൾ ഉപയോഗിയ്ക്കാമോ ?പൊതുവെ എല്ലാവർക്കും സംശയം തോന്നാവുന്ന കാര്യമാണിത്.ഇത് സംബന്ധമായുള്ള അഭിപ്രായങ്ങൾ ഇവിടെ പങ്കുവെയ്ക്കാം.നമ്മൾ വീട്ടിനുള്ളിൽ ,മുറിയ്ക്കുള്ളിൽ പാദരക്ഷകൾ ഉപയോഗിയ്ക്കാറില്ല. വാഹനം ഓടിയ്ക്കുമ്പോൾ പാദരക്ഷകൾ ഉപയോഗിയ്ക്കാതിരുന്നാൽ ഓടിയ്ക്കുന്നതിൻറ്റെ ഒരു ഫീൽ കിട്ടും .വാഹനം ഓടിയ്ക്കാൻ പഠിയ്ക്കുന്ന സമയത്ത് ഈ ഫീൽ വളരെ പരമ പ്രധാനമാണ്.നന്നായി വണ്ടിയോടിയ്ക്കാൻ പഠിച്ചാലും ഈ ഫീൽ കൂടുതൽ ഗുണകരമാണെന്നാണ് അനുഭവം .
എന്നാൽ വാഹനം ഓടിയ്ക്കുമ്പോൾ പാദരക്ഷകൾ ഉപയോഗിയ്ക്കരുത് എന്ന ഒരു വിധിയെഴുത്തിന് ഇവിടെ തയ്യാറാകുന്നില്ല. നേരെ മറിച്ച് ചില തരം പാദരക്ഷകൾ വാഹനം ഓടിയ്ക്കുമ്പോൾ ഉപയോഗിയ്ക്കരുത് എന്ന് വളരെ ശക്തമായ അഭിപ്രായം ഉണ്ട് .ഉദാഹരണത്തിന് നാം പൊതുവെ സാധാരണ ഉപയോഗിയ്ക്കുന്ന സ്ലിപ്പർ ചെരുപ്പുകൾ വാഹനമോടിയ്ക്കാൻ ഒരിയ്ക്കലും ഉപയോഗിയ്ക്കരുത്.ഇവയിൽ കാലിലെ വിരലുകളും ഉപ്പൂറ്റി മുതൽ വിരലുകൾ തുടങ്ങുന്ന ഭാഗം വരെയും ഒറ്റ യൂണിറ്റായി നിർത്താൻ സഹായകമല്ല .ചെരിപ്പ് ധരിച്ചിരിയ്ക്കുന്ന അവസ്ഥയിൽ തന്നെ,നടക്കുമ്പോഴും മറ്റും ഈ സ്ഥാനഭ്രംശം നമുക്ക് ബോധ്യമാവുന്നതാണ് .ഇത് ഡ്രൈവിംഗിനെ പലപ്പോഴുംഅപകടാവസ്ഥയിലേയ്ക്ക് നയിച്ചേക്കാം .
അപ്പോൾ പിന്നെ എങ്ങനെയുള്ള പാദരക്ഷകളാണ് വാഹനമോടിയ്ക്കുമ്പോൾ ഉപയോഗിയ്ക്കാൻ പറ്റുന്നത്?ഇതിന് ഒരുത്തരമേയുള്ളു.ഷൂസ് .ഇവിടെയും എല്ലാത്തരം ഷൂസുകളും പാടില്ല.മുഴുവൻ കാൽവിരലുകളും കാൽപാദങ്ങളും ഉപ്പുറ്റിയും ,മൊത്തത്തിൽ പറഞ്ഞാൽ കാൽ മുഴുവൻ പൊതിയുന്ന വിധത്തിലുള്ള അയഞ്ഞതല്ലാത്ത അത്യാവശ്യം മുറുക്കമുള്ള ഷൂസ് ആണ് വേണ്ടത്.ഒട്ടിയ്ക്കുന്നതോ ലേസുള്ളതോ ആവരുത്.
ഇതുവരെ പറഞ്ഞതുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇതുമായി ചേർത്തുപറയാവുന്ന ചില കാര്യങ്ങൾ കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിയ്ക്കാം.വണ്ടിയോടിയ്ക്കുമ്പോൾ പാദങ്ങളുടെ വൃത്തി പരമപ്രധാനമാണ്.ചെളിയോ എണ്ണമയമോ പാദങ്ങളിൽ പുരണ്ടിരിയ്ക്കുമ്പോൾ അത് വൃത്തിയാക്കി ഈർപ്പരഹിതമാക്കിയ ശേഷമേ വണ്ടിയോടിയ്ക്കാവൂ.നനഞ്ഞ കാലുകളുടെ കാര്യം ഇനി വേറെ പറയേണ്ടല്ലോ.കാലിലെ നഖങ്ങൾ വെട്ടിയും വൃത്തിയാക്കിയും സൂക്ഷിയ്ക്കേണ്ടതും അനിവാര്യമാണ്.ഒരു കാരണവശാലും സോക്സ് ഇട്ടു വണ്ടി ഓടിയ്ക്കരുത്.
0 Comments