ഒരു വാഹനത്തിൻറ്റെ ആർ പി എമ്മും ആ വാഹനത്തിൻറ്റെ മൈലേജുമായി എന്തെങ്കിലും ബന്ധമുണ്ടോ.തീർച്ചയായും ഉണ്ട് .എന്താണ് ഒരു വാഹനത്തിൻറ്റെ ആർ പി എം.ഒരു മിനിറ്റിൽ വണ്ടിയുടെ എൻജിൻ എത്ര പ്രാവശ്യം തിരിയുന്നു എന്നതനുസരിച്ചാണ് rpm കണക്കാക്കുന്നത്.റെവൊലൂഷൻ പെർ മിനിറ്റ് എന്നതാണ് ഇതിൻറ്റെ പൂർണരൂപം.ഒരു മിനിറ്റിൽ വാഹനത്തിൻറ്റെ എൻജിൻ എത്ര പ്രാവശ്യം,എത്ര വേഗത്തിൽ, കറങ്ങുന്നു എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്.വാഹനത്തിൻറ്റെ എൻജിൻ വേഗം കൂട്ടാൻ എന്താണ് നമ്മൾ ചെയ്യുക?ആക്സിലറേറ്ററിൽ കാൽ അമർത്തുന്നതനുസരിച്ച് വാഹനത്തിൻറ്റെ വേഗത കൂടുകയും ആക്സിലറേറ്ററിൽ നിന്ന് കാൽ അയയ്ക്കുന്നതനുസരിച്ച് വാഹനത്തിൻറ്റെ വേഗത കുറയുകയും ചെയ്യും.ഏതെങ്കിലും ഒരു മൂവിങ് ഗിയറിലുള്ളപ്പോൾ ആണ് ഇപ്രകാരം സംഭവിയ്ക്കുക.ന്യുട്രൽ ഗിയറിൽ നിശ്ചലാവസ്ഥയിൽ കിടക്കുമ്പോൾ എൻജിൻ സ്റ്റാർട്ട് ചെയ്ത് ആക്സിലറേറ്ററിൽ കാൽ അമർത്തിയാലും വാഹനം മുൻപോട്ട് നീങ്ങുന്നില്ല.എന്നാൽ വാഹനത്തിൻറ്റെ ഡാഷ് ബോർഡിലുള്ള rpm മീറ്ററിൽ rpm ക്രമാനുഗതമായി കൂടുന്നത് കാണാം .1 ,2 ,3 ......എന്നിങ്ങനെയുള്ള ക്രമത്തിലാണ് മീറ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടാവുക .അതോടൊപ്പം *1000 (ഗുണം ആയിരം)എന്നും കാണാം.ആക്സിലറേറ്ററിൽ കാല് കൊടുക്കുമ്പോൾ സൂചി ഒന്നിൻറ്റെ നേർക്കാണ് കാണിയ്ക്കുന്നതെങ്കിൽ അപ്പോഴത്തെ rpm എന്നത് 1 *1000 =1000 എന്നും 2 *1000 = 2000 എന്നും ഒന്നിൻെറയും രണ്ടിൻറ്റെയും ഇടയ്ക്കുള്ള ചെറിയ അടയാള സൂചികയ്ക്കു നേർക്കാണെങ്കിൽ 1500 എന്നും വായിച്ചെടുക്കാം.മുൻപോട്ടുള്ള rpm കളും ഇതേ രീതിയിൽ കണ്ടു മനസിലാക്കാം. ഇനി നിങ്ങളുടെ വണ്ടിയിലേക്ക് കടന്ന് വണ്ടി സ്റ്റാർട്ടാക്കി rpm മീറ്റർ നോക്കുക.ആക്സിലറേറ്റർ പതിയെ പതിയെ അമർത്തുന്നതിനൊപ്പം മീറ്റർ ശ്രദ്ധിയ്ക്കുക.rpm കൂടിവരുന്നത് നിങ്ങൾക്ക് കാണാം .(ഏതാണ്ട് 1000 ,1500, 2000 എന്ന ക്രമത്തിൽ ) .
വണ്ടിയുടെ മൈലേജ് , rpm ഇവയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്.അവ പിന്നാലെ പറയാം.അതിനു മുന്നോടിയായി ഒരു കാര്യം ശ്രദ്ധിയ്ക്കുക,നന്നായി വണ്ടി ഓടിയ്ക്കാൻ പഠിച്ച ഒരാളല്ല നിങ്ങളെങ്കിൽ വണ്ടി ഓടിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ഒരിയ്ക്കലും rpm മീറ്ററിലേയ്ക്ക് ശ്രദ്ധ കൊടുക്കരുത്.
എപ്പോഴാണ് നമ്മുടെ വണ്ടിയ്ക്ക് നല്ല മൈലേജ് കിട്ടുക?.അതായത് എത്ര ആർ പി എമ്മിൽ?കുറഞ്ഞ rpm ൽ ,കുറഞ്ഞ ശക്തിയിൽ,ന്യായമായ വേഗതയിൽ എന്ന് പൊതുവെ മൊത്തത്തിൽ പറയാം.ശക്തി കൂടിയ ഗിയറിൽ കൂടുതൽ ആക്സിലറേഷൻ കൊടുത്താൽ rpm ന് ഒപ്പം ശക്തിയും വേഗതയും കൂടുകയും മൈലേജ് കുറയുകയും ചെയ്യും.ഇതിൻറ്റെ അർഥം ശക്തി കുറഞ്ഞ ഗിയറിൽ കൂടുതൽ വേഗത്തിൽ കൂടുതൽ ദൂരം ഓടിയ്ക്കുക എന്നല്ല.
ആർ പി എം ആയിരത്തിനും രണ്ടായിരത്തിനും ഇടയ്ക്ക് ഏകദേശം പറഞ്ഞാൽ ഒരു ആയിരത്തി അഞ്ഞൂറ് റേഞ്ചിൽ ആണെങ്കിൽ വാഹനം നല്ല മൈലേജ് കിട്ടുന്ന കണ്ടിഷനിൽ ആയിരിയ്ക്കും.മൈലേജ് കിട്ടാൻ വേണ്ടി rpm നിശ്ചിത റേഞ്ചിൽ നിർത്തുകയല്ല വേണ്ടത്.ഗിയറുകൾ കൃത്യമായി ഷിഫ്റ്റ് ചെയ്യുകയും ആ സമയം വണ്ടി കൃത്യമായ ആക്സിലറേഷൻ കൊടുത്ത് rpm കറക്റ്റ് ആയി മെയിൻറ്റെയിൻ ചെയ്യുകയുമാണ് വേണ്ടത്.ഗിയർ ഷിഫ്റ്റിംഗ് സംബന്ധമായി ആദ്യമാദ്യമുള്ള പോസ്റ്റുകളിൽ നമ്മൾ പറഞ്ഞുപോയിട്ടുണ്ട്.അത് ഒന്നുകൂടി വായിയ്ക്കുകയാണെങ്കിൽ ഈ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്ക് കുറേക്കൂടി വ്യക്തമായി മനസ്സിലാക്കാൻ സാധിയ്ക്കും.
0 Comments