കയറ്റം കയറിപ്പോവുമ്പോഴും ഇറക്കം ഇറങ്ങിവരുമ്പോഴും



                ഈ കയറ്റം എങ്ങനെ കയറും ?ഈ ഇറക്കം എങ്ങനെ ഇറങ്ങും ?എന്നിങ്ങനെ രണ്ടു പോസ്റ്റുകൾ ഒരുപാട് മുൻപേ നമ്മൾ കണ്ടിട്ടുണ്ട്.ഇത് അതിൽനിന്നും കുറച്ചൊക്കെ വ്യത്യസ്തമാണ്.എന്നാൽ തീർത്തും വ്യത്യസ്തവുമല്ല.കയറ്റം കയറിപ്പൊയ്ക്കൊണ്ടിരിയ്ക്കുന്ന വണ്ടി എങ്ങനെയാണു നാം ഓടിയ്‌ക്കേണ്ടത്?കയറ്റം കയറുമ്പോൾ വണ്ടിയ്ക്ക് സ്പീഡിനെക്കാൾ ആവശ്യം പവർ ആണ്.ഇതിനു വേണ്ടി ഗിയറുകൾ  ഡൌൺ ചെയ്ത് ഓടിയ്‌ക്കേണ്ടിവരും.എപ്രകാരമാണ് കയറ്റത്തിൽ ഗിയറുകൾ ഡൌൺ ചെയ്യേണ്ടത്.കയറ്റം തുടങ്ങുന്നതിന്  തൊട്ടുമുൻപുവരെ  വേഗതയ്ക്ക് പ്രാധാന്യമുള്ള 4/ 5/ 6 ഗിയറുകളിലേതെങ്കിലുമൊന്നിലാവും നാം വണ്ടിയോടിച്ച് കൊണ്ടുവന്നിട്ടുണ്ടാവുക.ഈ ഗിയറുകളിൽ വണ്ടി വീണ്ടും മുൻപോട്ട് കൊണ്ടുപോകാനാവില്ല എന്നത് ഉറപ്പാണല്ലോ.അത് കൊണ്ട് തന്നെ വേഗത കൂടിയ പവർ കുറഞ്ഞ ഗിയറിൽ പരമാവധി വേഗമെടുത്ത് പോവുന്നവരുണ്ട് .എന്നാൽ ഇത് ഒഴിവാക്കപ്പെടേണ്ട ഒരു രീതിയാണ്.കാരണം ഇപ്രകാരം വണ്ടിയോടിച്ചുകൊണ്ടുപോയാൽ കയറ്റത്തിൻറ്റെ മുഴപ്പിൽ വണ്ടി നിർത്തേണ്ടിവരികയും പലപ്പോഴും ഫസ്റ്റ് ഗിയറിൽ തന്നെ കയറ്റം തീരുന്നത് വരെ ഓടിച്ചുകൊണ്ടുപോകേണ്ടിയും  വരും.ഇതുമൂലം ഡ്രൈവിംഗ് കംഫർട്ട് , യാത്രാസുഖം  ,മൈലേജ്  ഇവ കുറയുകയും വണ്ടി പിന്നിലേയ്ക്ക് ഉരുണ്ടുപോകാനുള്ള റ്റെൻഡൻസി കാണിയ്ക്കുകയും ചെയ്യും.തുടക്കക്കാർ ഇത് പ്രത്യേകം ശ്രദ്ധിയ്ക്കണം.

                                                              ഇതിന്  കയറ്റം തുടങ്ങുമ്പോൾ തന്നെ തൊട്ടു താഴെയുള്ള പവർ കൂടിയ ഗിയറിലേയ്ക്ക് മാറുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.4/ 5/ 6  ഗിയറുകളിൽ വാഹനത്തിന് വേഗത കൂടുതലും ശക്തി കുറവുമായിരിയ്ക്കും.അതുകൊണ്ടു ഈ ഗിയറുകളിലേതെങ്കിലുമൊന്നിൽ വേഗതയും പവറും കുറയുന്നതായി അനുഭവപ്പെട്ടാൽ ഉടൻ തന്നെ ക്ലച്ച് ചവിട്ടി തേർഡ് ഗിയറിലേയ്ക്ക് മാറാവുന്നതാണ്,അഥവാ മാറേണ്ടതാണ്.തേർഡ് ഗിയറിലും ഇതേ അനുഭവമുണ്ടായാൽ കാലവിളംബം കൂടാതെ സെക്കൻഡ് ഗിയറിലേയ്ക്കും മാറേണ്ടതാണ്.എന്നാൽ സെക്കൻഡ് ഗിയറിലും വണ്ടി കയറ്റം കയറാൻ ക്ലേശിയ്ക്കുന്നതായി ബോധ്യമായാൽ വണ്ടിയുടെ വേഗത പരമാവധി എത്ര കുറയുന്നോ അത്രത്തോളം കുറയുമ്പോൾ ,അതായത് സെക്കൻഡ്  ഗിയറിൽ നിന്ന് വണ്ടി നീങ്ങി നിരങ്ങി പോവുന്നത് പോലെയുള്ള ഒരവസ്ഥയിൽ ക്ലച്ച് ചവിട്ടി  ഫസ്റ്റ് ഗിയറിലാക്കി വണ്ടി  മുൻപോട്ട് കൊണ്ടുപോകേണ്ടതാണ്.മറ്റൊരു വിധത്തിൽ പറഞ്ഞാൽ സ്റ്റാർട്ട് ചെയ്ത് ഫസ്റ്റ് ഗിയറിലിട്ട് മുൻപോട്ടു കൊണ്ടുപോവുന്ന വണ്ടി സെക്കൻഡ് ഗിയറിലേയ്ക്ക് മാറ്റുന്നതിന് മുൻപ് എത്ര സ്പീഡിലാണോ ആ സ്പീഡിൽ നിന്നും ബ്രേക്ക്  അമർത്തി വീണ്ടും പരമാവധി സ്പീഡ് കുറച്ച് ഫസ്റ്റ് ഗിയറിലേയ്ക്കിടാം.ബ്രെയ്ക് ചവിട്ടി വണ്ടി നിർത്തി ഗിയർ മാറേണ്ടതില്ല.

                                                                                                   ഇനി ഇറക്കം ഇറങ്ങേണ്ടത് എങ്ങനെ എന്നത് മനസ്സിലാക്കാൻ നമുക്ക്  "ഈ ഇറക്കം എങ്ങനെ ഇറങ്ങും" എന്ന പോസ്റ്റ് ഒരാവർത്തി കൂടി നോക്കാം.

                                                                              







Post a Comment

0 Comments