പേടിച്ചിട്ട് വണ്ടിയോടിയ്ക്കാൻ പഠിയ്ക്കാത്തവരുണ്ട് .പേടിച്ചിട്ട് ഡ്രൈവിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരുണ്ട്.ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ടും പേടി കാരണം വണ്ടിയോടിയ്ക്കാൻ പറ്റാത്തവരുമുണ്ട്.
പേടിയെ പടിയ്ക്ക് പുറത്ത് കടത്തുക എന്നതാണ് ഇതിനെല്ലാം ഒരേയൊരു പരിഹാരം.
വണ്ടിയോടിയ്ക്കാൻ പഠിയ്‌ക്കാൻ പേടിയ്ക്കേണ്ടതുണ്ടോ ?ഡ്രൈവിംഗ് അല്ല,ഒന്നും പഠിയ്ക്കാൻ പേടിയ്ക്കേണ്ടതില്ല.നാം നേടുന്ന അറിവ് ഏതായാലും അത് നമ്മെ കൂടുതൽ സ്വതന്ത്രരും ധീരരും ആക്കുകയേ ഉള്ളൂ.
ഡ്രൈവിംഗ് എവിടെയാണ് പഠിയ്ക്കേണ്ടത് എന്ന കാര്യം ഇതിനു മുൻപ് നമ്മൾ കണ്ടിട്ടുണ്ട്.ആദ്യം ആക്കാര്യത്തിൽ ഉചിതമായ തീരുമാനം ഉണ്ടാവണം.
എ ങ്ങനെയുള്ള ആളാവണം നമ്മുടെ ആശാൻ?ഡ്രൈവിങ്ങിൻറ്റെ കാര്യത്തിൽ നല്ല അറിവും വണ്ടിയോടിക്കാൻ പഠിപ്പിയ്ക്കാൻ നല്ല ക്ഷമയും ധൈര്യവും ഉള്ള ആളായിരിയ്ക്കണം.ചില ആശാന്മാരുണ്ട് തങ്ങളുടെ വിദ്യാർഥികൾ ഡ്രൈവിംഗ് സീറ്റിൽ വന്നിരുന്ന് വണ്ടിയുരുട്ടാൻ തുടങ്ങുമ്പോൾ തന്നെ വഴക്ക്,കുറ്റം,പരിഹാസം ഒക്കെയങ്ങ് തുടങ്ങും.ചിലർ ആണെങ്കിൽ തല്ലാനോങ്ങുകയും ചൂടാവുകയും ചീത്ത പറയുകയും ഒക്കെ ചെയ്യും.ഇങ്ങനെ സൽപ്പേര് കേൾപ്പിച്ചിട്ടുള്ള ആശാന്മാരെയും അവരുടെ സ്ഥാപനങ്ങളെയും ആദ്യമേ തന്നെ ഒഴിവാക്കുന്നതാണ് നല്ലത്.
ഡ്രൈവിംഗ് പഠിപ്പിയ്ക്കാൻ സ്ത്രീകൾക്ക് സ്ത്രീകളും പുരുഷന്മാർക്ക് പുരുഷന്മാരും തന്നെ വേണമെന്നുണ്ടോ?നന്നായി പഠിപ്പിയ്ക്കാൻ അറിയാവുന്നവരാണെങ്കിൽ ഇതൊരു പ്രശ്നമല്ല.പണ്ടുകാലത്ത് വണ്ടിയോടിയ്ക്കുന്നതും ഡ്രൈവിംഗ് പഠിപ്പിയ്ക്കുന്നതുമൊക്കെ പുരുഷന്മാരുടെ കുത്തകയായിരുന്നെങ്കിലും ഇന്നങ്ങനെയല്ലല്ലോ.അതുകൊണ്ട് നല്ല ഒരാശാട്ടിയുടെ അടുത്ത് ഡ്രൈവിംഗ് പഠിയ്ക്കാൻ ആണുങ്ങളാരും നാണക്കേട് വിചാരിയ്ക്കേണ്ട കാര്യമില്ല.നമ്മുടെയെല്ലാം ആദ്യഗുരു അമ്മ തന്നെയാണല്ലോ.
വണ്ടിയോടിയ്ക്കാൻ പഠിയ്ക്കാൻ തുടങ്ങിയാൽ ആദ്യം മാറ്റേണ്ടത് വണ്ടിയെ സംബന്ധിച്ചുള്ള ഭയങ്ങളാണ്.വെറുതെ ഒരിടത്ത് പാർക്ക് ചെയ്തിരിയ്ക്കുന്ന വണ്ടി നമ്മെ സംബന്ധിച്ചിടത്തോളം ഒരു പാവം നിരുപദ്രവകാരിയാണ്.നല്ല നിലയ്ക്കാണ് നമ്മളതിനെ കൈകാര്യം ചെയ്യുന്നതെങ്കിൽ ഓട്ടത്തിലും അത് പാവമായിരിയ്ക്കും.അത്യാവശ്യഘട്ടങ്ങളിൽ നിർത്താൻ വണ്ടിയ്ക്ക് ബ്രെയ്ക്ക് ഉണ്ട്.സ്പീഡ് കൂട്ടാൻ മാത്രമല്ല കുറയ്ക്കാനും ആക്സിലേറ്ററിനാവും.കാലയച്ചോ എടുത്തോ സ്പീഡ് കുറയ്ക്കാം.പിന്നെയെന്തിനാണ് ഭയപ്പെടുന്നത് ?വേണ്ടപ്പോൾ ഇടത്തോട്ടും വലത്തോട്ടും തിരിയ്ക്കാൻ ഒരു വളയം നിങ്ങളുടെ കയ്യിലില്ലേ .ഭയപ്പാടിന് യാതൊരു അടിസ്ഥാനവുമില്ല.
വണ്ടിയുമായി റോഡിലിറങ്ങുന്നതിനു മുൻപ് സ്റ്റാർട്ട് ചെയ്യാനും ഫസ്റ്റ് / സെക്കൻഡ് ഗിയറുകളിലിട്ട് മുന്നോട്ടുരുട്ടാനും ബ്രേക്ക് ചവിട്ടി നിർത്താനും അത്യാവശ്യം സ്റ്റിയറിംഗ് ബാലൻസ് നേടാനുമുള്ള പൊടിക്കൈകളൊക്കെ ആദ്യമാദ്യം നമ്മൾ പറഞ്ഞുപോയിട്ടുണ്ട്.ഡ്രൈവിംഗ് പഠനത്തിൻറ്റെ തുടക്കം ഒരു നല്ല മൈതാനത്ത് ആവട്ടെ.റോഡിനോടുള്ള ഭയം ഇല്ലാതാവാൻ തുടങ്ങുന്നു എന്ന് ബോധ്യമായാൽ പതിയെ റോഡിലേക്കിറങ്ങാം
റോഡിലിറങ്ങിയാൽ പിന്നെ ശ്രദ്ധയോടെ ,സാവധാനം വണ്ടിയോടിച്ചു തുടങ്ങാം.സ്റ്റിയറിങ് ബാലൻസ് അത്യാവശ്യം കിട്ടുന്നതുവരെ സെക്കൻഡ് ഗിയറിൽ വണ്ടിയോടിയ്ക്കാം.ഇത് പഠിപ്പിയ്ക്കുന്ന ആശാനോട് നേരത്തെ പറഞ്ഞുറപ്പാക്കണം .അല്ലെങ്കിൽ എൻറ്റെ പെട്രോൾ തീർന്നേ,ഡീസൽ തീർന്നേ എന്ന് പറഞ്ഞ് ചില ആശാന്മാർ മുറവിളി തുടങ്ങും.തേർഡ് ഗിയറിലിട്ടും ഫോർത്ത് ഗിയറിലിട്ടുമൊക്കെ വണ്ടിയോടിയ്ക്കാൻ നിർബന്ധിയ്ക്കും .അത്യാവശ്യം വേഗതയെടുക്കേണ്ട ഒരുവിധം നല്ല പവറുള്ള ഗിയറാണ് തേർഡ് ഗിയർ.അത് കൊണ്ട് തന്നെ നല്ല സ്റ്റിയറിങ് ബാലൻസ് ഇല്ലാതെ തേർഡ് ഗിയറിലും അതിനു മുൻപോട്ടുള്ള ഗിയറുകളിലും വണ്ടിയോടിയ്ക്കരുത്.സ്റ്റിയറിങ് ബാലൻസ് അനായാസം അതിവേഗം എങ്ങനെ നേടാം എന്നതും നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്.
വണ്ടിയോടിയ്ക്കുമ്പോൾ എവിടെയാണ് അഥവാ എങ്ങോട്ടാണ് നോക്കേണ്ടത്?തുടക്കം മുതലേ തന്നെ വണ്ടിയുടെ ഉള്ളിൽ നോക്കാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക.ഇടത്തോട്ടോ വലത്തോട്ടോ തിരിയ്ക്കാൻ സ്റ്റിയറിങ്ങിൽ നോക്കേണ്ടതില്ല.ആക്സിലേറ്റർ ഏറ്റവും വലതുവശത്തുണ്ട്.അത്യാവശ്യം സ്പീഡെടുക്കാൻ സാവകാശം വലത്തെ കാലമർത്തിയാൽ മതി.താഴോട്ട് നോക്കി അമർത്തേണ്ട കാര്യമില്ല.സ്പീഡ് കുറയ്ക്കാൻ ആക്സിലേറ്ററിൽ നിന്ന് കാലയയ്ക്കുകയോ എടുക്കുകയോ ചെയ്യാം.നിർത്താനും അത്യാവശ്യം വേഗത കുറയ്ക്കാനും വലത്തേ കാൽ ആക്സിലേറ്ററിൽ നിന്നെടുത്ത് ബ്രേക്ക് അപ്ലൈ ചെയ്യാം.ആക്സിലേറ്ററിൻറ്റെയും ക്ലച്ചിൻ്റെയും ഇടയിൽ ബ്രേക്ക് ഉണ്ടോ എന്ന് പരതിയോ നോക്കിയോ കണ്ടുപിടിയ്ക്കേണ്ടതില്ല.ഇടത്തേ കാലെടുത്ത് ഉയർത്തി മുൻപോട്ടു കൊണ്ടുപോയി താഴേയ്ക്ക് അമർത്തിയാൽ ക്ലച്ചിൽ ചവിട്ടാം .കൺഫ്യൂഷൻറ്റെ കാര്യമേയില്ല.ആവശ്യമില്ലാതെ ക്ലച്ചിൽ ചവിട്ടുകയോ ക്ലച്ചിൽ കാൽ വെച്ചുകൊണ്ടിരിയ്ക്കുകയോ ചെയ്യരുത്.ക്ലച്ച് ചവിട്ടിപ്പിടിച്ച് കൊണ്ട് വണ്ടിയോടിയ്ക്കുകയുമരുത് .
വണ്ടിയുടെ പുറത്ത് എവിടെയൊക്കെ നോക്കാം.ബോണറ്റ് മുൻപിൽ ദൃശ്യമാണെങ്കിലും ഒരു കാരണവശാലും ബോണറ്റിൽ നോക്കി വണ്ടിയോടിയ്ക്കരുത്.റോഡിലേയ്ക്ക് മാത്രം നോക്കുക.മുൻഭാഗത്തെ ചില്ലിലൂടെ റോഡിലും സൈഡ്/ഇന്നർ റിയർ വ്യൂ മിററുകളിലൂടെ രണ്ടു സൈഡും ബായ്ക്കും ശ്രദ്ധിച്ചുകൊണ്ട് വേണം വണ്ടിയോടിയ്ക്കാൻ.ഇതിനിടയിൽ ഒരു സെക്കൻഡ് പോലും മുൻപോട്ടുള്ള നോട്ടം വിട്ടുപോകരുത് .
ഇനി പേടി എതിരേ വരുന്ന വാഹനങ്ങളെ ഓർത്താണ്. എതിരെ വാഹനങ്ങൾ വരുന്നത് അവരുടെ വശത്തുകൂടിയാണ്. നമ്മൾ പോവുന്നത് നമ്മുടെ വശത്തുകൂടിയും. അറിവുള്ള എതിർഭാഗക്കാരൻ നമ്മുടെ വണ്ടിയിൽവന്നിടിയ്ക്കുമോ അതോ അറിവില്ലാത്ത നമ്മളോടിയ്ക്കുന്ന വണ്ടി അങ്ങോട്ടു കേറി ഇടിയ്ക്കുമോ ഇതൊക്കെയാണ് പേടി. ഒരിയ്ക്കലും
എതിർഭാഗത്തു നിന്ന് വരുന്ന വാഹനത്തിൽ നിങ്ങളുടെ ദൃഷ്ടിയും ശ്രദ്ധയും
പൂർണ്ണമായും പതിയരുത്. നോട്ടത്തിന്റെയും ശ്രദ്ധയുടെയും കൂടുതലും നമ്മുടെ വണ്ടിയിലായിരിയ്ക്കണം.
എതിരേ വരുന്ന വാഹനം സൈഡ് കീപ് ചെയ്താണോ വരുന്നത് എന്നത് ശ്രദ്ധിയ്ക്കുക. അമിത വേഗതയിലാണോ എന്നു നോക്കുക.ഇങ്ങനെയൊന്നുമല്ലെങ്കിൽ പേടിയ്ക്കാനില്ല.
നമുക്ക് നമ്മുടെ സൈഡ് നോക്കി പതിയെ അങ്ങ് മുൻപോട്ടുപോവാം
എതിർഭാഗത്തു നിന്ന് വരുന്ന വാഹനത്തിൽ നിങ്ങളുടെ ദൃഷ്ടിയും ശ്രദ്ധയും
പൂർണ്ണമായും പതിയരുത്. നോട്ടത്തിന്റെയും ശ്രദ്ധയുടെയും കൂടുതലും നമ്മുടെ വണ്ടിയിലായിരിയ്ക്കണം.
എതിരേ വരുന്ന വാഹനം സൈഡ് കീപ് ചെയ്താണോ വരുന്നത് എന്നത് ശ്രദ്ധിയ്ക്കുക. അമിത വേഗതയിലാണോ എന്നു നോക്കുക.ഇങ്ങനെയൊന്നുമല്ലെങ്കിൽ പേടിയ്ക്കാനില്ല.
നമുക്ക് നമ്മുടെ സൈഡ് നോക്കി പതിയെ അങ്ങ് മുൻപോട്ടുപോവാം
പിറകെ വാഹനം വന്നാൽ എന്തു ചെയ്യണം ഒരു പഠിതാവ് ? തൊട്ടുപുറകിൽ വരുന്ന വാഹനം ഇന്നർ റിയർ വ്യൂ മിററിലൂടെയും സൈഡ് വ്യൂ മിററുകളിലൂടെയും നമുക്കു കാണാൻ സാധിയ്ക്കും.പഠിയ്ക്കുന്ന ആളെന്ന നിലയിൽസാവധാനമാവുമല്ലോ നമ്മൾ വണ്ടിയോടിയ്ക്കുന്നത്.പുറകിൽ വരുന്നവർ മിക്കവാറും അങ്ങനെയാവില്ല. അപ്പോൾ വാഹനം ഇടതുവശം ചേർത്ത് , ആവശ്യമെങ്കിൽ വേഗത അൽപം കൂടി കുറച്ച് പിറകിൽ നിന്നു വരുന്ന വാഹനം കടന്നുപോവാൻ സഹായിയ്ക്കുക.അത്യാവശ്യം വേണ്ടി വന്നാൽ ഒറ്റച്ചവിട്ടു ചവിട്ടാതെ സിഗ്നലുകൾ കൊടുത്ത് വാഹനം സൈഡൊതുക്കി നിർത്തിക്കൊടുക്കാം.
ഡ്രൈവിംഗ് പഠനം ഏതുസമയവും ആകാമോ?പാടില്ല.രാവിലെ സൂര്യോദയത്തിനു ശേഷം ഹെഡ്‍ലൈറ്റ്ൻറ്റെ സഹായമില്ലാതെ വഴി കാണാവുന്ന സമയം മുതൽ ഡ്രൈവിംഗ് പഠനം ആരംഭിയ്ക്കാം .എന്നാലിത് വാഹനങ്ങൾ കൂടുതലായി റോഡിലിറങ്ങുന്ന സമയത്തിന് മുൻപായി താൽക്കാലികമായി നിർത്താം.ഈ പീക് ടൈമിലാണ് വിദ്യാർഥികൾ പഠനകേന്ദ്രങ്ങളിലേയ്ക്കും ജോലിക്കാർ ജോലിസ്ഥലത്തേക്കും പോകുന്നത്.ഈ സമയം ഇടവേളയായെടുത്ത് പത്തുമണിയ്ക്ക് ശേഷം വീണ്ടും പഠനം പുനരാരംഭിയ്ക്കാം.നട്ടുച്ചവെയിലിൻറ്റെ തീഷ്ണത കൂടുന്നതിന് മുൻപായി പഠനം നിർത്താം.പിന്നീടുള്ള സമയം പൊതുവെ പഠനത്തിന് ഒഴിവാക്കുന്നതാണ് നല്ലത്.കാരണം കൊച്ചുകുട്ടികളുൾപ്പെടെ വിദ്യാലയങ്ങൾ വിടുന്നത് പല സമയത്താണ്.ആ സമയം ഡ്രൈവിംഗ് പഠനത്തിനും പരിശീലനത്തിനും പറ്റിയതല്ല.
മഴയത്ത് ഡ്രൈവിംഗ് പഠനം ആകാമോ?മഴയത്തും ഡ്രൈവിംഗ് പഠനപരിശീലനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത് .
ഇത് വരെ വായിച്ചുവന്നിട്ട് ഇപ്പോൾ ചിലരുടെ മനസിലെങ്കിലും ഒരു സംശയം ഉടലെടുത്തേക്കാം.പേടിയ്ക്കരുതെന്നു പറഞ്ഞിട്ട് പേടിപ്പിയ്ക്കുകണോ എന്ന്?അതിനെപ്പറ്റി നാളെ പറയാം.
പേടിയ്ക്കാതിരിയ്ക്കുക എന്നു പറഞ്ഞാൽ പേടി ഉളവാക്കുന്ന കാര്യങ്ങളിലേയ്ക്ക് പോവാതിരിയ്ക്കുക എന്നതും കൂടിയാണ്.പേടി പഠനത്തിന് വിലങ്ങുതടിയാകാമെന്നത് നമുക്കറിയാവുന്ന കാര്യമാണല്ലോ.
ഇനി മഴയത്ത് വണ്ടി ഓടിയ്ക്കാൻ പഠിയ്ക്കാനോ പരിശീലിയ്ക്കാനോ പോയാലുണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയാം.മഴയ്ക്ക് മുൻപ് മിക്കവാറും അന്തരീക്ഷം ഇരുണ്ടു മൂടിയ അവസ്ഥയിലായിരിയ്ക്കും.തുടക്കക്കാർക്ക് ഇത് അനുകൂലമായ ഒരു സാഹചര്യമായിരിയ്ക്കില്ല പലപ്പോഴും.എതിരെ വരുന്ന വാഹനങ്ങൾ ശരിയ്ക്ക് കാണാനോ വാഹനത്തിൻറ്റെയോ ഹോണിൻറ്റെയോ ശബ്ദം ശരിയ്ക്ക് കേൾക്കാനോ കഴിഞ്ഞെന്നു വരില്ല.വെട്ടത്തും വെയിലത്തും നന്നായി വണ്ടി ഓടിയ്ക്കാൻ പഠിച്ച് കഴിഞ്ഞാൽ പിന്നെ മഴയത്തും ഓടിച്ച് പഠിയ്ക്കാമല്ലോ.വേഗത കുറച്ച് ഹെഡ് ലൈറ്റ് ഡിം പൊസിഷനിലാക്കി ആവശ്യം വരുമ്പോൾ ഹോണടിച്ച് വണ്ടിയോടിയ്ക്കാം .
വണ്ടിയോടിയ്ക്കാൻ പഠിയ്ക്കാൻ ഏറ്റവും പറ്റിയ സമയം ഏതാണെന്നു നമ്മൾ മുൻപ് നമ്മൾ കണ്ടിരുന്നു.രാത്രിയിൽ ,അതായത് നേരം ഇരുട്ടിത്തുടങ്ങുന്ന സമയം മുതൽ നേരം നന്നായി വെളുത്തു വന്നതിനു ശേഷം മുതലുള്ള സമയത്ത് പഠനത്തിനിറങ്ങുന്നതാണ് നല്ലത്.
പകൽ നന്നായി ഓടിയ്ക്കാൻ പരിശീലനം കിട്ടിയതിനു ശേഷം മാത്രം മഴയത്തും ഇരുട്ടത്തതുമൊക്കെ വണ്ടിയോടിയ്ക്കാൻ പരിശീലനം തുടങ്ങാം.
എന്നാലിനി തുടങ്ങാം അല്ലെ?വേണ്ടിവന്നാൽ ഇടയ്‌ക്കൊക്കെ ഈ പോസ്റ്റ് നമുക്ക് അപ്ഡേറ്റ് ചെയ്യാം.ഇനി മറ്റൊരു പോസ്റ്റിലേക്ക് പോകാം .
0 Comments