മുദ്രകൾ ശ്രദ്ധിയ്ക്കൂ



 

                                                 ചതിയ്ക്കാത്ത ചന്തു എന്ന കോമഡി സൂപ്പർ ഹിറ്റ് ജയസൂര്യ ചിത്രത്തിൽ സലിം കുമാർ അവതരിപ്പിയ്ക്കുന്ന ഒരു കഥാപാത്രമുണ്ട്.സിനിമയിലെ ഡാൻസ് മാഷാണ് ടിയാൻ.പക്ഷെ ഒരു വക അറിയില്ല.അദ്ദേഹത്തിൻറ്റെ പ്രഗത്ഭനായ അസിസ്റ്റൻറ് വിനീതാണ് ശരിയ്ക്കും ഡാൻസ് രംഗങ്ങൾ സംവിധാനം ചെയ്ത് വിജയിപ്പിയ്ക്കുന്നത്.ചിത്രത്തിൽ സലിംകുമാർ  ഡാൻസ് പഠിപ്പിയ്ക്കുന്ന ഒരു രംഗമുണ്ട്.ഇത് കണ്ട് ബോറടിച്ച് ,ദേഷ്യം വന്ന് ,സംവിധായകൻറ്റെ വേഷം ചെയ്യുന്ന ലാൽ പറയുന്ന ഒരു ഡയലോഗുണ്ട്."ഈ സ്റ്റെപ് തന്നെയല്ലേ ഇതിനു മുൻപ് താൻ കാണിച്ചത് ?"എന്ന്.ഇത് കേട്ട സലിം കുമാർ പറയുന്നത് "മുദ്രകൾ ശ്രദ്ധിയ്ക്കൂ,ആദ്യം ഞാൻ കാണിച്ചത് ഏകമുദ്ര"ഇത് പറഞ്ഞിട്ട് ചൂണ്ടു വിരലുകൾ മാത്രം ഉയർത്തി മുകളിലേയ്ക്കു രണ്ടുപ്രാവശ്യം കുത്തിക്കാണിച്ചു.പിന്നെ ചൂണ്ടുവിരലുകൾക്കൊപ്പം നടുവിരലുകൾ കൂടി ഉയർത്തിവെച്ച് അതേ സ്റ്റെപ് തന്നെ കാണിച്ചിട്ട് പറഞ്ഞു ,"ദാ ,ദിതാണ് ദ്യുമുദ്ര "
                                                                                                               മുദ്രകളുടെ ഈ സിനിമാക്കഥ പറഞ്ഞത് വാഹനസംബന്ധമായ ഒരു കാര്യം പറയാനാണ് .ഇരുചക്രവാഹനം ഓടിയ്ക്കുന്നവർക്കാണ് ഇതുമായി കൂടുതൽ ബന്ധം.മറ്റുള്ളവരും  മോശമല്ല.വാഹനത്തിൽ പിന്തുടർന്ന് വരികയും ഓവർടേക്ക് ചെയ്യാൻ ശ്രമിയ്ക്കുകയും ചെയ്യും.പക്ഷെ പലകാരണങ്ങൾ കൊണ്ടും ഓവർ ടേക്ക് ചെയ്യാൻ സാധിച്ചെന്നു വരില്ല. ഓവർ ടേക്ക് ചെയ്യാനുള്ള അറിവുകുറവ്,പരിചയക്കുറവ്,ഭയം,ആത്മവിശ്വാസമില്ലായ്മ,ഇതൊക്കെയാവും പലപ്പോഴും കാരണം.മുൻപിലുള്ള വാഹനം സൈഡൊതുക്കി നിർത്തിക്കൊടുത്താൽ ഒരു പക്ഷെ ഇവർ സ്മൂത്തായി ഓവർ ടേക്ക് ചെയ്ത്  പോയേക്കും.ഓപ്പോസിറ്റ് സൈഡിൽ നിന്ന് വണ്ടിയൊന്നും വരുന്നില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ ഉഷാറായി.
                                                                       ഇവരുടെ  മുന്നിൽ പോവുന്ന വാഹനത്തിന് സ്പീഡ് എടുത്തോ ഓവർ ടേക്ക് ചെയ്തോ പോവാൻ പറ്റാത്ത സാഹചര്യം ആയിരിയ്ക്കും.എതിരെ വാഹനങ്ങൾ ഇടതടവില്ലാതെ വരുന്നുണ്ടാവും.ഒരു പക്ഷെ ഓവർ ടേക്ക് ചെയ്യാൻ സാധിയ്ക്കാത്ത വിധത്തിൽ ആവും വാഹനങ്ങൾ വരിക.മുന്നിൽ പതിയെ പോവുന്ന ഒരു വാഹനം ,അല്ലെങ്കിൽ റോഡ് കുറുകെ കടക്കാൻ ശ്രമിയ്ക്കുന്ന ഒരാളോ ഒന്നിലധികം പേരോ,അതുമല്ലെങ്കിൽ യു ടേൺ /സൈഡ് ടേൺ എടുക്കുന്ന ഒരു വാഹനം ഇതൊക്കെയാവുംതടസങ്ങൾക്ക്  കാരണം.
                                                                                                പക്ഷെ ഇതൊന്നും പുറകെ വരുന്ന നർത്തകന്മാർക്ക് പ്രശ്നമല്ല.അവർ കാരണമറിയാതെ, നിർത്താതെ,ഹോൺ  അടിച്ച് സാഹചര്യം മുഴുവൻ ഒത്തിണങ്ങി വരുമ്പോൾവല്ല വിധേനയും മുന്നിൽ കയറിയിട്ട് ചില കൈമുദ്രകൾ കാണിച്ചിട്ട് കടന്നുപോകും.
                                                            ഇനി പറയാനുള്ളത് ഈ മുദ്രകൾ കാണുന്നവരോടാണ്.കാര്യവും കാരണവുമറിയാതെ കൈമുദ്രകൾ കാണിയ്ക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല.കാരണം അതവരുടെ സംസ്കാരമാണ്.ഇത്തരം മുദ്രകൾ കണ്ടാൽ ഒരിയ്ക്കലും തിരിച്ച് പ്രതികരിയ്ക്കരുത്.അതെ പോലെ തന്നെ കാണിയ്ക്കുകയോ അവരെ പിന്തുടരാൻ ശ്രമിയ്ക്കുകയോ അരുത്.ഒരു കോമാളിയോ കുരങ്ങനോ നിങ്ങളെ കടന്നുപോയി എന്ന് കരുതിയാൽ മതി.അവരുടെ പുറകെ പോയി അപകടത്തിൽ പെടുകയോ അവരോടുള്ള ദേഷ്യം പൂണ്ടു വണ്ടിയോടിച്ച് അപകടമുണ്ടാക്കുകയോ ചെയ്യരുത്.അത് കൊണ്ട് വണ്ടിയോടിയ്ക്കുമ്പോൾ ഇത്തരം "മുദ്രകൾ ശ്രദ്ധിയ്ക്കരുത്"

 













         

Post a Comment

0 Comments