കുട്ടിക്കാലത്ത് നമ്മളൊക്കെ ഒരുപാട് വണ്ടി കളിച്ചിട്ടുണ്ട്.കളിപ്പാട്ടങ്ങളിൽ നമുക്കേറ്റവും ഇഷ്ടവും കാറിൻറ്റെയും ബസ്സിൻറ്റെയും രൂപത്തിലുള്ള ഉരുളുന്ന കളിപ്പാട്ടങ്ങളായിരുന്നു.ചിലപ്പോൾ നമ്മൾ അങ്ങോട്ടുമിങ്ങോട്ടും ഓടിപ്പാഞ്ഞിരുന്നത് സ്വയം വണ്ടിയായി സങ്കല്പിച്ചുകൊണ്ടായിരുന്നു.ബൂം ബും പീ പ്പീ പോ പ്പോ എന്നൊക്കെ എൻജിൻറ്റെയും ഹോണിൻറ്റെയുംശബ്ദമുണ്ടാക്കി രണ്ടു കൈയ്ക്കുള്ളിലും ഒരു സാങ്കല്പിക സ്റ്റിയറിംഗ് വെച്ച് ഇത്തിരി നേരം നേരേ പിടിച്ചും അതിനേക്കാൾ ഒത്തിരി നേരം ഇടത്തോട്ടും വലത്തോട്ടും തിരിച്ചും ഒരു പാച്ചിലാണ്.ഇതിനിടയ്ക്ക് ചെറിയ ചെറിയ "ആക്‌സിഡൻറ്കൾ"സംഭവിയ്ക്കാറുണ്ടായിരുന്നെങ്കിലും അതൊന്നും നമ്മൾ അത്ര കാര്യമാക്കിയിരുന്നില്ല .വലുതാവുമ്പോൾ ആരാവണം എന്ന് ചോദിയ്ക്കുമ്പോൾ വണ്ടി ഓടിയ്ക്കുന്ന ആളാവണം എന്നുപറഞ്ഞിട്ടുള്ള എത്രയോ പേരുണ്ട് നമ്മുടെ കൂട്ടത്തിൽ.സ്വന്തമായൊരു വണ്ടി വാങ്ങണം എന്നതായിരുന്നു കുട്ടിക്കാലത്ത് പലരുടെയും ഏറ്റവും വലിയ സ്വപ്നം .അതൊക്കെ ഒരു കാലം.
ഇവിടെ നമ്മുടെ ചോദ്യം ചെറിയ കുട്ടികൾ വണ്ടിയോടിയ്ക്കാൻ പാടുണ്ടോ എന്നതാണ്.ചിലർ ചെറുപ്പത്തിലേ കുട്ടികളെ ഡ്രൈവിംഗ് പഠിപ്പിയ്ക്കാൻ താല്പര്യം കാട്ടുന്നത് കണ്ടിട്ടുണ്ട്.കുട്ടികൾക്ക് നന്നായി വണ്ടിയോടിയ്ക്കാൻ അറിയാമെന്ന് വളരെ അഭിമാനത്തോടെ പറയുന്നതും കേട്ടിട്ടുണ്ട്.
ഒരു പ്രായം കഴിഞ്ഞാൽ പുതുതായെന്തെങ്കിലും പഠിയ്ക്കുക എന്നത് പൊതുവെ പ്രയാസകരവും ചിലർക്കെങ്കിലും അസാധ്യവുമാണ്.ഡ്രൈവിംഗ് ൻറ്റെ കാര്യവും അങ്ങനെതന്നെ.പക്ഷെ അതിന് പക്വതയെത്താത്ത കുഞ്ഞുങ്ങളെ വണ്ടിയുമായി നിരത്തിലേയ്ക്ക് വിടണോ?
കുട്ടികൾക്ക് ഒരു പ്രത്യേകതയുണ്ട്.വലിയവരെക്കാൾ പല കാര്യങ്ങളും അവർ വേഗം പഠിച്ചെടുക്കും.ആദ്യ കാലത്ത് റ്റി വി യും പിൽക്കാലത്ത് മൊബൈൽ ഫോണും കംപ്യൂട്ടറുമെല്ലാം മുതിർന്നവരേക്കാൾ നന്നായി കൈപ്പിടിയിലൊതുക്കിയതവരാണ്.പലപ്പോഴും മുതിർന്നവരായ നാം സംശയ നിവൃത്തി വരുത്തുന്നതും അവരോടു ചോദിച്ചിട്ടല്ലേ?
എന്നാൽ ഡ്രൈവിംഗ്ൻറ്റെ കാര്യത്തിൽ തികച്ചും വ്യത്യസ്തമായ സമീപനമാണ്, കുട്ടികളുടെ കാര്യത്തിൽ നാം കാണിയ്ക്കേണ്ടത്.കുട്ടികൾ മോട്ടോർ വാഹനങ്ങൾ ഓടിയ്ക്കുന്നത് നിയമപരമായി തെറ്റാണ് .ഗിയറില്ലാത്ത/ഓട്ടോമാറ്റിക് ഗിയറുള്ള ഇരുചക്രവാഹനങ്ങളും ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളും ഓടിയ്ക്കുന്നതിൽ കൗമാരപ്രായക്കാർക്ക് ഇളവുകളുണ്ട്.അതല്ലാത്ത കുട്ടികളെ ഡ്രൈവിംഗ് പഠിപ്പിച്ച് നിരത്തിലേയ്ക്കും മൈതാനങ്ങളിലേയ്ക്കും ഇറക്കിവിടുന്നത് ഒരിയ്ക്കലും അനുകരണീയമായ ഒരു പ്രവൃത്തിയല്ല .
എന്തുകൊണ്ടാണ് കുട്ടികൾ വണ്ടിയോടിയ്ക്കാനിറങ്ങരുതെന്ന് പറയുന്നത്?ഡ്രൈവിംഗ് അവർക്കു വഴങ്ങാഞ്ഞിട്ടല്ല.വളരെ വേഗം പഠിയ്ക്കാനും വളരെ നന്നായി ഓടിയ്ക്കാനും അവർക്കു കഴിയും.എന്നാൽ മുതിർന്നവരുടെ വൈകാരികപക്വത അവർക്കുണ്ടാവില്ല.അമിതവേഗത്തിൽ വണ്ടിയോടിച്ച് അവനവനും മറ്റുള്ളവർക്കും അപകടം വരുത്തിവെയ്ക്കുന്നതിൽ കൂടുതലും ഈ കുഞ്ഞുങ്ങളാണ്.പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങൾ.വണ്ടിയുടെ വേഗത നിയന്ത്രിച്ചോ നിർത്തിയോ അപകടങ്ങളൊഴിവാക്കാൻ അവർക്കു കഴിഞ്ഞെന്നു വരില്ല.വേഗത്തിൽ ശരിയായ തീരുമാനമെടുക്കാനുള്ള സ്വാഭാവികമായ താമസവും പെട്ടെന്ന് തെറ്റായ തീരുമാനത്തിലേക്കെത്താവുന്ന പക്വതക്കുറവും അവർക്കുണ്ടാവും .നമ്മുടെ കുഞ്ഞുങ്ങളെ ഡ്രൈവിംഗ് പഠിപ്പിയ്ക്കണം .എന്നാലത് അവർക്ക് അതിനുള്ള പ്രായവും പക്വതയും എത്തിയതിനു ശേഷം മാത്രം.
0 Comments