മഴയെത്തും മുൻപേ



മുൻപ് മഴക്കാലം എന്നൊരു കാലമുണ്ടായിരുന്നു.ഇപ്പോൾ പ്രത്യേകിച്ച് അങ്ങനെ പറയാനൊന്നുമില്ല.ഏതു കാലത്തും മഴ പെയ്യാം.മഴയുടെ തീവ്രതയും മഴകൾ തമ്മിലുള്ള ഇടവേളകളും കൂടിയും കുറഞ്ഞും ഇരിയ്ക്കും എന്നുമാത്രം.എന്നാലും വേനൽക്കാലം കഴിഞ്ഞു വരുന്ന മൺസൂണിനു മുന്നോടിയായാണ് പ്രധാനമായും വാഹനങ്ങളിൽ ചില മുന്നൊരുക്കങ്ങൾ നടത്തുന്നത്.അടിമുടി മാറ്റങ്ങളാവാം.അകവും പുറവും ഒരുപോലെ.

                                                                                                                                                ഏറ്റവും അത്യാവശ്യം ബ്രേക്ക്ൻറ്റെ കണ്ടീഷൻ ആണ്.കാരണം മഴക്കാലത്ത് നനഞ്ഞുകിടക്കുന്ന റോഡിൽ ബ്രേക്ക് കുറഞ്ഞ വാഹനവുമായി ഇറങ്ങുന്നത് അപകടമുണ്ടാക്കും.ബ്രേക്ക് നല്ല കണ്ടീഷൻ  ആണെങ്കിലും പെട്ടെന്ന് അപ്ലൈ ചെയ്താൽ സ്കിഡ് ചെയ്യാൻ സാധ്യത ഉണ്ട്.അത് കൊണ്ട് മഴ പെയ്തു നനഞ്ഞു കിടക്കുന്ന റോഡിലും മഴ പെയ്തുകൊണ്ടിരിയ്ക്കുമ്പോളും വേഗതയുടെ കാര്യത്തിൽ സ്വയം നിയന്ത്രണം പാലിയ്ക്കുക.ബ്രേക്ക് ഫ്ലൂയിഡ് മാറാറായെങ്കിൽ മാറുക.ലെവൽ കുറവാണെങ്കിൽ ടോപ് അപ്പ് ചെയ്യുക.ബ്രേക്ക് പാഡ്/ലൈനർ  കണ്ടീഷൻ പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റുക.വീൽ അലൈൻമെൻറ്റ് കറക്റ്റ് ആക്കുക.ടയർ തേയ്മാനം  ത്രികോണാകൃതിയിലുള്ള മാർക്കിനപ്പുറം കടന്നുപോയിട്ടുണ്ടാവരുത് .സ്‌റ്റിയറിങ്ങിൻറ്റെയും അനുബന്ധ ഘടകങ്ങളുടെയും ഫങ്ക്ഷനും ശരിയായ രീതിയിൽ ആയിരിയ്ക്കണം .

                                                               ലോഹനിർമ്മിതമായ ഷാസിയും ബോഡിയുമെല്ലാം  തുരുമ്പ് പിടിയ്ക്കാൻ സാധ്യതയുണ്ട് .പ്രധാനമായും അണ്ടർ ബോഡി .വണ്ടി നന്നായി വാട്ടർ സർവീസ് ചെയ്ത് തുരുമ്പെടുക്കാൻ തുടങ്ങിയതോ പെയിൻറ്റ് പോയതോ ആയ ഭാഗങ്ങൾ വൃത്തിയാക്കി ആദ്യം മെറ്റൽ പ്രൈമറും പിന്നീട് പെയിൻറ്റും അടിയ്ക്കുക.ആവശ്യമെങ്കിൽ അണ്ടർ ബോഡി പൂർണ്ണമായും പെയിൻറ്റ് ചെയ്യിയ്ക്കാവുന്നതാണ്.അഥവാ അണ്ടർ ബോഡി റെയിൻ കോട്ട് ചെയ്യിയ്ക്കാവുന്നതാണ്.

                                                                                                            മഴ പെയ്യുമ്പോൾ കണ്ണാടി ക്ലിയറാക്കി വഴി നന്നായി കാണാൻ നല്ല വൈപ്പറുകൾ വേണം .ഫ്രണ്ട് കണ്ണാടിയിൽ വെള്ളമൊഴിച്ചും ഗ്ലാസ് ക്ലീനർ ചേർത്ത വെള്ളം സ്പ്രേ ചെയ്തും  വൈപ്പർ പ്രവർത്തിപ്പിച്ചുനോക്കുക.വൈപ്പറിൻറ്റെ പ്രവർത്തനം കൊണ്ട് ഗ്ലാസ് ക്ലിയറാകുന്നില്ലെങ്കിൽ വൈപ്പർ ബ്ലേഡ് മാറേണ്ടിവരും .ചിലപ്പോൾ ബ്ലേഡ് ഘടിപ്പിച്ചിരിയ്ക്കുന്ന ഭാഗം ഉൾപ്പെടെ മാറേണ്ടി വരും.ഏതായാലും വൈപ്പർ മോട്ടോർ നന്നായി പ്രവർത്തിയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കണം .നല്ല വെയിലുള്ള സ്ഥലങ്ങളിൽ ദീർഘനേരം പാർക്ക് ചെയ്യേണ്ടി വന്നാൽ വൈപ്പർ ബ്ലേഡുകൾ ഗ്ലാസിൽ ടച്ച് ചെയ്യാത്ത വിധം അകറ്റിവെയ്ക്കുക ഇപ്രകാരം ചെയ്തില്ലെങ്കിൽ വെയിലിൽ വണ്ടിയുടെ ഗ്ലാസ് ചൂടാകുകയും ആ ചൂടിൽ വികസിച്ച് വൈപ്പർ ബ്ലേഡിൻറ്റെ  കാര്യക്ഷമത കുറയുകയും ചെയ്യും.

                                                   പകൽസമയത്ത് മഴമൂടൽ കൊണ്ട് ഇരുണ്ടുകിടക്കുമ്പോഴും മഴ നന്നായി പെയ്യുമ്പോഴും ഹെഡ് ലൈറ്റ് ഡിം പൊസിഷനിലാക്കി വണ്ടിയോടിയ്ക്കുന്നതാണ് നല്ലത്.എതിരെ വാഹനവുമായി വരുന്നവർക്ക് നമ്മുടെ വണ്ടി പെട്ടെന്ന് ശ്രദ്ധയിൽ പെടാൻ ഇത് സഹായിയ്ക്കും.ഹോൺ അടിയ്‌ക്കേണ്ടിടത്ത് പ്രത്യേകിച്ച് വളവുകളിൽ ഹോൺ അടിയ്ക്കണം.ഹെഡ് ലൈറ്റ് ബ്രൈറ്റ് ആക്കി ഉടൻ തന്നെ ഡിമ്മാക്കി സിഗ്നൽ കൊടുക്കുന്നതും നല്ലതാണ് .ചുരുക്കത്തിൽ രണ്ടു ഹെഡ് ലൈറ്റുകളും നല്ല വെട്ടവും പ്രവർത്തനശേഷിയും ഡിം/ബ്രൈറ്റ് പൊസിഷനിലേയ്ക്ക് മാറ്റാവുന്നതും ആയിരിയ്ക്കണം.ഒറ്റക്കണ്ണൻ സവാരി രാത്രിയിരുട്ടിൽ മാത്രമല്ല മഴയത്തും വേണ്ട,ഫോഗ് ലാമ്പുകൾ ഇല്ലെങ്കിൽ അവ ഫിറ്റ് ചെയ്യുന്നതും കറക്റ്റായി പ്രവർത്തിയ്ക്കുന്നുണ്ടോയെന്ന് പരിശോധിയ്ക്കുന്നതും നല്ലതാണ് .ഹോണിൻറ്റെ  കാര്യം ഇനി പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ.

                                                           മഴ പെയ്യുമ്പോൾ എന്തായാലും ഗ്ലാസ് കയറ്റിയിട്ടേ കാറോടിയ്ക്കാൻ പറ്റൂ.മഴസമയത്ത് ചില്ലിന് മൂടൽ ഉണ്ടാവും.ഇത് ഒഴിവാക്കാൻ എ സി ഓൺ ചെയ്യുകയും വേണം.അതിനാൽ എ സി യുടെ പ്രവർത്തനവും ഭംഗിയായി നടക്കുന്നുണ്ടെന്ന് നേരത്തെ ഉറപ്പാക്കണം.

                                               






Post a Comment

0 Comments