ജമ്പ് സ്റ്റാർട്ട്

ജമ്പ് സ്റ്റാർട്ട് 

                                                                                                                             എന്തിന് 


 ഓടിച്ചു കൊണ്ടുവന്ന വാഹനം എവിടെങ്കിലും നിർത്തിയിട്ടിട്ട് പിന്നീട് കുറെയധികം   സമയം കഴിഞ്ഞ്  സ്റ്റാർട്ട് ചെയ്യാൻ നോക്കുമ്പോൾ സ്റ്റാർട്ട് ആകുന്നില്ല.പലപ്പോഴും ബാറ്ററി ഡൌൺ ആകുമ്പോളാണ് ഇങ്ങനെ സംഭവിയ്ക്കാറ് .വണ്ടിയുടെ എൻജിൻ ഓഫാക്കിയ ശേഷവും ഫാൻ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നാലോ അബദ്ധത്തിൽ ഏതെങ്കിലും ലൈറ്റ് ഓണാക്കിയിട്ടിരുന്നാലോ ഇങ്ങനെ സംഭവിയ്ക്കാം .ചിലപ്പോൾ എ സി ഓണാക്കിയിട്ട് വണ്ടി സ്റ്റാർട്ട് ചെയ്താലോ വണ്ടി ശരിയ്ക്കും മൂവ് ചെയ്യുന്നതിന് മുൻപ് പെട്ടെന്ന് എ സി യും ഫാനും കൂടി ഓണാക്കിയാലോ ഇങ്ങനെ സംഭവിയ്ക്കാം .വണ്ടിയുടെ ഓവറോൾ ഗുഡ് കണ്ടീഷന് നല്ല ചാർജുള്ള ബാറ്ററി  അത്യന്താപേക്ഷിതമാണ് .വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോളാണ് ബാറ്ററിയുടെ പവർ ഉപയോഗം ഏറ്റവും കൂടുതൽ വേണ്ടിവരുന്നത്.എൻജിൻ പ്രവർത്തിയ്ക്കാൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഡൈനാമോയുടെ പ്രവർത്തനം കൊണ്ട് ബാറ്ററി ചാർജ് ആയിക്കോളും.എ സി യുടെ ഫാൻ, ലൈറ്റ് ഹോൺ ,ഇൻഡിക്കേറ്റർ ,വൈപ്പർ ഇവയെല്ലാം പ്രവർത്തിയ്ക്കുന്നത് ബാറ്ററിയിൽ നിന്നുള്ള വൈദ്യുതി കൊണ്ടാണ്.ഓടിക്കൊണ്ടിരിയ്‌ക്കെ ചാർജ് ആവുന്നതിനാൽ ബാറ്ററി ഡൌൺ ആകുന്നില്ല.എന്നാൽ വണ്ടി നിർത്തിക്കഴിഞ്ഞാൽ ഉടൻ എൻജിൻ ഓഫ് ചെയ്യുന്നതിന് മുൻപ് എല്ലാ ലൈറ്റുകളും ഓഫാക്കേണ്ടതാണ്.ഫാൻ ഇട്ടുകൊണ്ടിരിയ്ക്കരുത്.ഇൻഡിക്കേറ്ററുകളൊന്നും  തന്നെ ഓണായിക്കിടക്കുന്നില്ല എന്നത് ഉറപ്പാക്കണം .പവർ വിൻഡോകൾ എൻജിൻ ഓഫാക്കുന്നതിന് മുൻപ് തന്നെ കയറ്റിയിടണം.കാരണം എൻജിൻ ഓഫ് ചെയ്താലും ഒരല്പസമയം കൂടി സ്വിച്ച് ഓൺ ചെയ്തോ ഓഫ് ചെയ്തോ പവർ വിൻഡോ പ്രവർത്തിപ്പിയ്ക്കാൻ കഴിഞ്ഞേക്കും.ഇങ്ങനെ ചെയ്യുന്നത് ബാറ്ററി ഡൗൺ ആക്കാൻ ഇടയാക്കും.വണ്ടി നിർത്തിയിട്ട് ഹാൻഡ് ബ്രെയ്ക്കും ഇട്ടാൽ പിന്നെ പെഡൽ ബ്രെയ്ക്കിൽ ചവിട്ടി അമർത്തിപ്പിടിച്ച് ഇരിയ്ക്കരുത്.ആ സമയവും ബ്രേക്ക് ലൈറ്റ് കത്തുകയും ബാറ്ററിയിൽ നിന്ന് കറണ്ട് ഡിസ്ചാർജ് ആവുകയും ചെയ്യും .നിർത്തിയിട്ട വാഹനത്തിൻറ്റെ ഹോൺ അടിയ്‌ക്കേണ്ടിവന്നാൽ അല്പസമയം അത്യാവശ്യത്തിനു മാത്രം അടിയ്ക്കുക.

                                                              ബാറ്ററി ഡൗണായി വണ്ടി നിന്നുപോയാൽ പണ്ട് മുതലേ പ്രയോഗിയ്ക്കുന്ന ഒരു മാർഗമുണ്ട്.കുറേപ്പേർ ചേർന്ന് വണ്ടി തള്ളും .വണ്ടി നന്നായി ഉരുണ്ടുകഴിഞ്ഞാൽ ഡ്രൈവിംഗ് സീറ്റിലിരിയ്ക്കുന്നയാൾ ന്യൂട്രൽ ഗിയറിൽ ഉരുണ്ടു കൊണ്ടിരിയ്ക്കുന്ന വണ്ടി ക്ലച്ച് നന്നായമർത്തിച്ചവിട്ടി  സെക്കൻഡ് ഗിയറിലേയ്ക്കിട്ട് പെട്ടെന്ന് ക്ലച്ചിൽ നിന്ന് കാലെടുക്കും.ഗിയർ എൻഗേജിലാവുകയും വണ്ടി പെട്ടെന്ന് സ്റ്റാർട്ട് ആവുകയും ചെയ്യും 

                                               മറ്റൊന്ന് ഇറക്കത്തിൽ നിർത്തിയിട്ടിരിയ്ക്കുന്ന വണ്ടി ഗിയർ ന്യൂട്രൽ പൊസിഷനിൽ ആക്കി ഉരുട്ടി ക്ലച്ചും സെക്കൻഡ് ഗിയറും മുൻപ് പറഞ്ഞ രീതിയിൽ അപ്ലൈ ചെയ്ത് സ്റ്റാർട്ട് ആക്കിയെടുക്കുന്നതാണ് .

                                                     മേല്പറഞ്ഞ രണ്ടു മാർഗങ്ങളും അപകടസാധ്യത കൂടുതലുള്ളതും വണ്ടിയ്ക്ക് സാങ്കേതികമായ കേടുപാടുകൾ ഉണ്ടാക്കാൻ സാധ്യതയുള്ളതുമാണ് .നല്ല പരിശീലനമുള്ള ഡ്രൈവർമാർക്കേ, അതും ഈ രീതിയിൽ വണ്ടി സ്റ്റാർട്ട് ചെയ്ത് നല്ല പരിചയമുള്ളവർക്ക് മാത്രമേ ഇത് വിജയകരമായി ചെയ്യാൻ സാധിയ്ക്കൂ.അതുകൊണ്ടു തന്നെ ഈ രണ്ടു മാർഗങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.

                                                                                    അപ്പോൾ പിന്നെ എന്ത് ചെയ്യും?അവിടെയാണ് ജമ്പ് സ്റ്റാർട്ടിൻറ്റെ പ്രസക്തി.വണ്ടിയുടെ ബോണറ്റ് തുറന്ന് ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലിലേയ്ക്ക് നല്ല ചാർജ്ജും പവറുമുള്ള ഒരു ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലിൽ നിന്ന് ഒരു വയർ ഘടിപ്പിയ്ക്കുക .ഇതിനായി നാലു ലോഹ ക്ലിപ്പുകളും രണ്ട് വയറുകളും ഉപയോഗിയ്ക്കാം.പവറുള്ള ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലിൽ നിന്നുള്ള വയർ ഒരു കാരണവശാലും വണ്ടിയുടെ ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലിലേയ്ക്ക് കണക്ട് ചെയ്യരുത്.അതിനു പകരം വാഹനത്തിൻറ്റെ കറണ്ട് കടന്നുപോകാവുന്ന ,പെയിൻറ്റെഡ്  അല്ലാത്ത ഏതെങ്കിലും ഒരു ലോഹഭാഗത്തേയ്ക്ക് ഘടിപ്പിയ്ക്കുക .ഇനി വണ്ടി ന്യൂട്രൽ ഗിയറിലാക്കി സ്റ്റാർട്ടാക്കുക.വണ്ടി ഉടൻതന്നെ സ്റ്റാർട്ട് ആകും.ഇതിനാണ് ജമ്പ് സ്റ്റാർട്ട് എന്ന് പറയുന്നത്.സ്റ്റാർട്ട് ആക്കി കുറച്ച് നേരം  ഇട്ടതിനു ശേഷം വണ്ടി ഓടിച്ചു പോകാം. വണ്ടി കുറേ  നേരം ,കുറേ ദൂരം ഓടിയതിനുശേഷമേ എൻജിൻ ഓഫ് ചെയ്ത് നിർത്താവൂ.എന്നാലേ വീണ്ടും വണ്ടി സ്റ്റാർട്ട് ആക്കി എടുക്കാനുള്ള പവർ ബാറ്ററിയ്ക്ക് കിട്ടൂ. ബാറ്ററിയുടെ കണ്ടീഷൻ ഒരു നല്ല ബാറ്ററിക്കടയിൽ കാണിച്ച് ചെക്ക് ചെയ്യുന്നതും നല്ലതാണ് .വേണ്ടിവന്നാൽ ബാറ്ററി മാറി പുതിയ ബാറ്ററി വെയ്ക്കണം .

                                              ബാറ്ററിയുടെ വാട്ടർ ലെവൽ ഇടയ്ക്ക് പരിശോധിച്ച് കുറവാണെങ്കിൽ  ടോപ് അപ്പ് ചെയ്യണം.ഓടിക്കൊണ്ടിരിയ്ക്കുന്ന വണ്ടി നിർത്തിയിട്ട് എൻജിനും വണ്ടി മൊത്തത്തിലും തണുത്തതിനു ശേഷമേ ഇത് ചെയ്യാവൂ.വണ്ടി ലെവൽ പൊസിഷനിൽ ആണ് പാർക്ക് ചെയ്തിരിയ്ക്കുന്നത് എന്ന കാര്യം ഉറപ്പാക്കണം.









 

Post a Comment

0 Comments