ഒരു വാഹനത്തിൻറ്റെ എല്ലാ ഭാഗങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്.എങ്കിലും വാഹനത്തിൻറ്റെ ഹൃദയം എന്ന് പറയാവുന്നത് അതിൻറ്റെ എൻജിൻ ആണ്.വണ്ടിയോടിയ്ക്കാൻ പഠിയ്ക്കുമ്പോൾ വണ്ടിയുടെ യന്ത്രസംബന്ധമായ ചില കാര്യങ്ങൾ അറിഞ്ഞിരിയ്ക്കുന്നത് നല്ലതാണ് .ഡ്രൈവിംഗ് പഠനം എളുപ്പവും രസകരവും ആക്കാൻ ഇത് സഹായിയ്‌ക്കും .എങ്ങനെയാണു എൻജിൻ വണ്ടിയെ മുൻപോട്ട് നയിയ്ക്കുന്നത്?എൻജിൻറ്റെ ഉള്ളിൽ ഉള്ള സിലിണ്ടറിൽ അതെ ആകൃതിയിലും വലിപ്പത്തിലുമുള്ള പിസ്റ്റൺ മുകളിലോട്ടും താഴോട്ടും/ മുന്നോട്ടും പിന്നോട്ടും/ അഥവാ വിപരീതദിശകളിൽ ചലിയ്ക്കുന്നു.ഈ ചലനം എൻജിനിലെ ക്രാങ്ക് ഷാഫ്റ്റിനെ ഒരേ ദിശയിൽ വട്ടം കറക്കുന്നു .ക്രാങ്ക് ഷാഫ്റ്റിൻറ്റെ ഈ ചലനം വണ്ടിയുടെ ആക്സിലുകളിലേയ്ക്ക് പകരുന്നു.ആക്സിലുകളുമായി ഘടിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന ചക്രങ്ങളിലേയ്ക്ക് ഈ കറക്കം ചെന്നെത്തുന്നു. അങ്ങനെ വാഹനം മുന്നോട്ടു നീങ്ങുന്നു.
ആദ്യമൊക്കെ ഇത് വായിച്ചിട്ടും കേട്ടിട്ടും ഒന്നും മനസിലായില്ല.മുകളിലോട്ടും താഴോട്ടും സഞ്ചരിച്ചുകൊണ്ടിരിയ്ക്കുന്ന പിസ്റ്റൺ എങ്ങനെയാണ് ക്രാങ്ക് ഷാഫ്റ്റിനെയും അതുവഴി ആക്‌സിലിനെയും അതിലൂടെ ചക്രങ്ങളെയും അങ്ങനെ വാഹനത്തെ തന്നെ മൊത്തത്തിൽ മുൻപോട്ട് നയിയ്ക്കുന്നത്.
ഒരുപാടുകാലം ചിന്തിച്ചെങ്കിലും ഈ ചോദ്യത്തിന് ഉത്തരമൊന്നുംകിട്ടിയില്ല.അങ്ങനെയിരിയ്‌ക്കേയാദൃശ്ചികമായാണ് നമ്മളൊക്കെ സ്ഥിരം കാണുന്ന ഒരു കാഴ്ചയെപ്പറ്റി കൂടുതൽ ചിന്തിയ്ക്കാൻ ഇടയായത്..ഒരു തയ്യൽ മെഷീൻ.മോട്ടോർ പിടിപ്പിച്ച തയ്യൽ മെഷീൻ അല്ല കേട്ടോ.പഴയ രീതിയിലുള്ള സാധാരണ തയ്യൽ മെഷീൻ .ചവിട്ടിക്കറക്കുന്ന തയ്യൽ മെഷീൻ.തയ്യൽക്കാരൻ മെഷീൻ ചവിട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?പാദത്തിന്റ്റെ മുൻഭാഗം കൊണ്ട് മുൻപോട്ടു താഴോട്ടും പിൻഭാഗം കൊണ്ട് പിൻപോട്ട് താഴോട്ടും അമർത്തുന്നു.പാർക്കിൽ കുട്ടികൾ സീ സാ കളിയ്ക്കുന്നത് പോലെ.ഈ ചലനം തയ്യൽ മെഷീൻറ്റെ താഴെയുള്ള വലിയ ചക്രവുമായി ഘടിപ്പിച്ചിരിയ്കുന്നു.ചവിട്ടുമ്പോൾ വലിയ ചക്രം മുൻപോട്ട് കറങ്ങുന്നു.ഇതുമായി ഘടിപ്പിച്ച വള്ളിയിലൂടെ മുകൾ ഭാഗത്തുള്ള ചെറിയ ചക്രവും മുന്നോട്ട് കറങ്ങുന്നു.സൂചിയ്ക്കും മെഷീനും ഇടയിൽ വെച്ച തുണിയിലൂടെ തയ്യൽ നേർ രേഖയിൽ മുൻപോട്ട് പോവുന്നു.
ഇതേ പോലെ തന്നെയാണ് വണ്ടിയുടെ എൻജിനും പ്രവർത്തിയ്കുന്നത്.
0 Comments