സൗണ്ട് ഹോൺ



 കുട്ടിക്കാലത്ത് വാഹനങ്ങളുടെ പിറകിലൊക്കെ ഇംഗ്ലീഷിൽ SOUND HORN  എന്നെഴുതിവെച്ചിരുന്നത് കണ്ടിരുന്നു.ഈ വണ്ടിയുടെ ഹോണിന് സൗണ്ടുണ്ട് എന്നായിരുന്നു അന്നൊക്കെ അതിന്റെ അർഥം മനസ്സിലാക്കിയിരുന്നത്.പിന്നെയും ഒരുപാട് വർഷങ്ങൾ കഴിഞ്ഞാണ് സൗണ്ട് എന്നത് ഇംഗ്ലീഷിൽ വെർബ് എന്നും മലയാളത്തിൽ ക്രിയ എന്നും ഉപയോഗിയ്ക്കുന്ന ഒരു  വാക്കാണെന്നു മനസ്സിലായത്.ഹോൺ മുഴക്കുക എന്നാണല്ലോ സൗണ്ട് ഹോൺ എന്നതിന്റെ അർത്ഥം.

                                                                                                                   ചിലയാളുകളുണ്ട്.വണ്ടിയോടിയ്ക്കുമ്പോൾ മുൻപിലൊരു വണ്ടി കണ്ടാൽ അപ്പോൾ മുതൽ ഹോൺ തുടർച്ചയായി മുഴക്കികൊണ്ടേയിരിയ്ക്കും .മുൻപിലുള്ള വണ്ടിയുടെ ഡ്രൈവർക്കോ അതിലെ യാത്രക്കാർക്കോ ഉണ്ടാകാവുന്ന അലോസരമൊന്നും അവരുടെ മനസ്സിലുണ്ടാവില്ല .മുൻപിലുള്ള വാഹനത്തിന് വേഗത്തിൽ പോവാൻ പറ്റാത്ത എന്തെങ്കിലും തടസം വഴിയിലുണ്ടോ എന്നൊന്നും ചിന്തിയ്ക്കാൻ ഉള്ള ബുദ്ധിയും ഇവർക്കുണ്ടാവില്ല.ഇവരുടെ ഹോണടിയുടെ ശക്തി കൊണ്ട് മുൻപിലുള്ള വഴി മുഴുവൻ ക്ലിയറാകും എന്നാണ് ഇവരുടെ മൂഢവിശ്വാസം എന്ന് തോന്നിപ്പോകും ചിലപ്പോൾ.

                           വേറെ ചിലരുണ്ട്.ആരെങ്കിലും വണ്ടി നിർത്തിയിട്ടു കൊടുത്താൽ മാത്രമേ അവർക്ക് മുമ്പിലുള്ള വണ്ടിയെ മറികടക്കാൻ സാധിയ്ക്കൂ.പക്ഷെ നിരന്തരമായി ഹോൺ മുഴക്കി ശല്യം ചെയ്യുന്നത് കേട്ടാൽ മനപ്പൂർവ്വം ആരോ അവരുടെ വഴി തടസ്സപ്പെടുത്തി എന്ന് തോന്നും.  

                                                                                                       എപ്പോഴാണ് വാഹനത്തിന്റെ ഹോൺ അടിയ്‌ക്കേണ്ടത്?വളവുകളിൽ എതിരെ വരുന്ന വാഹനം ദൃശ്യമാകാത്ത സാഹചര്യമാണല്ലോ,അപ്പോൾ ഹോണടിയ്ക്കാം .എന്നാൽ എതിരെ വരുന്ന വാഹനം ഹോൺ മുഴക്കി വരുന്നുണ്ടോ എന്നത് ശ്രദ്ധിയ്ക്കണം.അത് കൊണ്ട് തന്നെ ഹോണടികൾക്കിടയിൽ ന്യായമായ ഗ്യാപ് കൊടുക്കണം .

                                           മുൻപിൽ റോഡ്  കാണാൻ പറ്റാത്ത വിധത്തിൽ ഒരു കയറ്റം തീർന്ന് ഇറക്കം തുടങ്ങുന്ന സ്ഥലങ്ങളിൽ ഇതേ പോലെ തന്നെ ഹോൺ മുഴക്കാം .സ്റ്റിയറിങ്ങിൽ നിന്ന് രണ്ടു കയ്യുമെടുത്ത് ഹോണിൽ വെച്ച് ഹോൺ മുഴക്കുകയാണോ എന്ന് കേൾക്കുന്നവർക്ക് തോന്നരുത്.

                                                                                                                      ഹോൺ എവിടെയും മുഴക്കാമോ ?പാടില്ല.കോടതി,ഹോസ്പിറ്റൽ ഇവയുടെ സമീപത്ത് നിശ്ചിത ദൂരപരിധിയിൽ ഹോൺ മുഴക്കാൻ പാടില്ല.ഇത് വ്യകതമാക്കുന്ന സൈൻ ബോർഡുകൾ ഈ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിയ്ക്കും.

                                                                                                                    രാത്രിയിൽ ഹോൺ അടിയ്ക്കാമോ?രാത്രിയിൽ ഹോൺ അടിയ്ക്കരുത്,ലൈറ്റ് ഡിമ്മും ബ്രൈറ്റുമാക്കി വണ്ടി വരുന്നുണ്ടെന്ന് എതിരെ വരുന്ന വണ്ടിക്കാരെ മനസ്സിലാക്കിച്ചാൽ മതി എന്നൊക്കെ പണ്ട് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.എന്നാൽ അത്യാവശ്യം വന്നാൽ ആർക്കും അതായത് വഴിയാത്രക്കാർക്കോ വഴിയരികിൽ വീട് വെച്ച് താമസിയ്ക്കുന്നവർക്കോ  മറ്റു വണ്ടിക്കാർക്കോ അലോസരം സൃഷ്ടിയ്ക്കാതെയും ദീർഘമായിട്ടല്ലാതെയും ഹോൺ മുഴക്കുന്നതാണ് സുരക്ഷിതം.



 











Post a Comment

0 Comments