വണ്ടിയോടിയ്ക്കുമ്പോൾ എന്താണ് ചിന്തിയ്ക്കുന്നത്.



ആദ്യമേ തന്നെ പറയട്ടെ,ചിന്തകളിൽ മുഴുകി വണ്ടിയോടിയ്ക്കരുത്.വണ്ടിയിലും വണ്ടിയോടിയ്ക്കുന്നതിലും എതിരെയും പുറകെയും വരുന്ന വണ്ടികളിലും വഴിയിലും വഴിയാത്രക്കാരിലുമാവണം നമ്മുടെ ശ്രദ്ധ .ഡ്രൈവിങ്ങിനിടയിൽ സഹയാത്രികരോടുള്ള സംസാരം ആവശ്യത്തിനോ അത്യാവശ്യത്തിനോ മാത്രം മതി. അത് ഡ്രൈവിങ്ങിലെ ശ്രദ്ധ കളയും വിധമാകരുത്.അമിതമായി സംസാരിച്ചുകൊണ്ടിരിയ്ക്കുന്നവരെ ഒരു കാരണവശാലും പ്രോത്സാഹിപ്പിയ്ക്കരുത്. നിങ്ങൾ സംസാരിച്ചാൽ തന്നെ അങ്ങോട്ടുമിങ്ങോട്ടും നോക്കുകയോ മുഖം തിരിയ്ക്കുകയോ കൈകൾ കൊണ്ട് അംഗവിക്ഷേപങ്ങൾ കാട്ടുകയോ സ്വയം മറന്ന് ഉച്ചത്തിൽ ചിരിയ്ക്കുകയോ ചെയ്യരുത് .ഒരു കാരണവശാലും സംസാരത്തിൽ മുഴുകിപ്പോകരുത് .നല്ല ശ്രദ്ധ വേണ്ടിടത്തും കൂടുതൽ ശ്രദ്ധ വേണ്ടിടത്തും സംസാരം പൂർണ്ണമായി ഒഴിവാക്കണം .ആരെങ്കിലും സംസാരിച്ചാൽ ആ സമയത്ത് ഒട്ടും ശ്രദ്ധ കൊടുക്കരുത് എന്ന് മാത്രമല്ല ഡ്രൈവിംഗിൽ മാത്രമാണ് നിങ്ങളുടെ ശ്രദ്ധ എന്ന് അവർക്കു മനസ്സിലാവുകയും വേണം.
                                                                                                                                     എല്ലാം തികഞ്ഞ ഒരു ഡ്രൈവർ ആണെന്ന് കരുതി ഒരിയ്ക്കലും നാം വണ്ടി ഓടിയ്ക്കരുത്.ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു വിദ്യാർത്ഥിയാണ് ,പരിശീലനംവേണ്ടുന്ന ഒരു വ്യക്തിയാണ് ,പൂർണ്ണത തേടുന്ന ഒരു ഡ്രൈവറാണ് എന്ന് മാത്രം കരുതുക.എന്ന് വണ്ടിയോടിച്ചാലും,എപ്പോൾ വണ്ടിയോടിച്ചാലും .
                                                                          എതിരെയോ പുറകെയോ വണ്ടിയും കൊണ്ട് വരുന്നയാൾ ഒരു മണ്ടനോ മദ്യപനോ ഭ്രാന്തനോ ആയിരിയ്ക്കാം  എന്ന് കരുതുക.ഇതാരെയെങ്കിലും ഇകഴ്ത്തിക്കാണിയ്ക്കാൻ പറഞ്ഞതല്ല.മറ്റു ഡ്രൈവർമാർ എങ്ങനെയാണു വണ്ടി എതിരെയോ പുറകെയോ ഓടിച്ചു കൊണ്ടുവരിക എന്ന് നമുക്കറിയില്ല.അവരാരാണെന്നും നമുക്കറിയില്ല.അതുകൊണ്ട് അവരുടെ കാര്യം കൂടി നാം ശ്രദ്ധിയ്ക്കുക .നമ്മളും അവരും എല്ലാവരും ഇങ്ങനെ കരുതി വണ്ടിയോടിച്ചാൽ അപകടങ്ങൾ നല്ലൊരുപങ്കും ഒഴിവാക്കാം .











Post a Comment

0 Comments