മെയിൻ റോഡിലേക്ക് പോക്കറ്റ് റോഡിൽ നിന്ന് വണ്ടി കയറുമ്പോൾ വണ്ടികൾ കടത്തിവിടാതെ വലത് വശത്തേക്ക് വെട്ടിച്ച് തടസ്സം സൃഷ്ടിച്ച് വേഗത്തിൽ പാഞ്ഞുപോവുന്ന ചിലരുണ്ട്.ഇവരൊക്കെ ആരുടെ മുന്നിലാണ് ആളാവാൻ ശ്രമിക്കുന്നത്?
ഇനിയുമുണ്ട് ഒരു കൂട്ടം മിടുക്കന്മാർ.വണ്ടികൾക്കും വഴിയാത്രക്കാർക്കും സഞ്ചരിക്കാനുള്ള വഴി സ്വന്തമായി അട്ടിപ്പേറവകാശം എടുത്തവർ.വിമാനത്തിന് വിമാനത്താവളം,ബസിനു ബസ് സ്റ്റാൻഡ്,ട്രെയിനിന് റെയിൽവേ സ്റ്റേഷൻ ഇങ്ങനെയൊക്കെ ആണെങ്കിലും ഇവർക്ക് റോഡിലും കവലയിലും ഒരല്പം ഇടം കൂടുതൽ കിട്ടിയാൽ അവിടെ സ്റ്റാൻഡ് ആയിട്ട് പ്രഖ്യാപിച്ച് കളയും.മറ്റു വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യാൻ പാടില്ല എന്ന് ഉത്തരവിറക്കിക്കളയും ഇവർ.ആരെങ്കിലും അറിയാതെ ഇടം കണ്ട് അവിടെങ്ങാനും പാർക്ക് ചെയ്‌താൽ പാർക്ക് ചെയ്ത വാഹനം എടുത്തുകൊണ്ട് പോകാൻ പറ്റാത്ത വിധത്തിൽ ബോധപൂർവം വണ്ടി കൊണ്ടുവന്നിട്ട് തടസ്സം സൃഷ്ടിക്കും.
വിദേശസഞ്ചാരികളുൾപ്പെടെ പലരും ചൂണ്ടിക്കാട്ടിയിട്ടുള്ള ഒന്നാണ് നിർത്താതെ അസഹനീയവും അരോചകവുമായ വിധത്തിലുള്ള ഹോണടി.ട്രാഫിക് ബ്ലോക്കിൽ കിടന്നും വെറുതെ ഹോണടിച്ചുകളയും ഇവർ.റയിൽവേ ക്രോസിൽ വണ്ടി പിടിച്ചിട്ടിരിക്കുന്നതിനിടയിൽ ഹോണടിക്കുന്നവർക്കു മുൻപിൽ ഇതൊക്കെ എന്ത് ?
പാസ്പോർട്ട് പോലുമെടുക്കുന്നതിനു മുൻപേ നാട്ടിലൂടെ വിദേശരാജ്യങ്ങളിലെപോലെ വണ്ടിയോടിക്കുന്ന ചിലരുണ്ട്.വലത് വശത്തേക്ക് ഒരല്പം നീങ്ങിയേ ഇവർ വണ്ടിയോടിക്കൂ.പെട്ടെന്ന് എങ്ങാനും വിദേശത്ത് വണ്ടിയോടിക്കാൻ ജോലി കിട്ടിയാൽ ഒരു തപ്പൽ വരാൻ പാടില്ലല്ലോ.
റ്റൂ വീലർ കൊണ്ട് നിരത്തിലിറങ്ങുന്ന ചിലർ,വലിയ പരിശീലനം ഒന്നുമുണ്ടാവില്ല ചിലപ്പോൾ ഇവർക്ക്.മിക്കവാറും റോഡുകളുടെ നടുവിലൂടെയും രണ്ടു വശങ്ങളിലൂടെയും ഓരോ വര ഉണ്ടാവും .റോഡിൻറ്റെ ഇടത് ഭാഗത്ത് കൂടിയാണല്ലോ നാം വണ്ടിയോടിക്കേണ്ടത്.വണ്ടിയുടെ വലിപ്പം കുറവാണെങ്കിൽ ഇടത്തെ വരയോട് ചേർന്നും വലിപ്പം കൂടുന്നതനുസരിച്ച് ഇടത്തെ ചാലിൻറ്റെ മധ്യഭാഗത്ത് കൂടിയാണ് പോവേണ്ടത്.നടുവരയിലേക്ക് കൂടുതൽ ചേർന്നോ റോഡിൻറ്റെ ഒത്ത മധ്യത്തിലൂടെയോ വാഹനമോടിച്ച് പോകരുത്
ചിലർ റ്റൂ വീലർ അതായത് കൂടുതലും സ്കൂട്ടർ ഓടിക്കുന്നത് പക്ഷികൾ പറക്കാനൊരുങ്ങുന്നത് പോലെയാണ്.കാലു രണ്ടും നിലത്ത് കുത്തി കുത്തി തുഴഞ്ഞ് തുഴഞ്ഞ് പിന്നെ കാലു രണ്ടും എടുത്ത് ഫ്‌ളോറിൽ വെക്കും.ഇതും അപകടം വരുത്തിവെക്കും.
സമാന്തരമായി ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് സംസാരിച്ചുപോകുന്നവരുണ്ട്.പലപ്പോഴും നിയന്തിക്കാൻ പറ്റാത്ത വിധം വലിയ വലിയ അപകടങ്ങളിൽപെട്ടു പോകുന്നവരും ഇവരാണ്.
ഉറപ്പായും മറ്റുള്ളവർക്ക് അപകടം ഉണ്ടാക്കും വിധം വാഹനമോടിക്കുന്നതിൽ ഭയം ലേശം പോലും ഇല്ലാത്തവരുണ്ട്.ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ പേടിക്കണ്ടല്ലോ എന്നതാണ് ഇവരുടെ മനോഭാവം.തങ്ങളുടെ വാഹനത്തിൻറ്റെ വലിപ്പവും ഉയരവും ബോഡിയുടെ ദൃഢതയുമൊക്കെയാണ് അവരെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.ഇങ്ങനെ വണ്ടിയോടിച്ച് അപകടമുണ്ടാക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം സസ്‌പെൻഡ് ചെയ്യുകയാണ് വേണ്ടത്.
ഓവർ ടേക്ക് ചെയ്യേണ്ടത് വലത് വശത്ത് കൂടിയാണെന്ന് അറിയാഞ്ഞിട്ടോ മറ്റോ ആണോ എന്നറിയില്ല ചിലർ എത്ര സ്ഥലമുണ്ടെങ്കിലും ഇടത് വശത്ത് കൂടിയേ ഓവർ ടേക്ക് ചെയ്യൂ.
0 Comments