സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നതിനെ പറ്റി ഇതിനു മുൻപ് ഒരിയ്ക്കൽ നമ്മൾ പറഞ്ഞിരുന്നു.പത്തുവർഷത്തിലധികം പഴക്കമില്ലാത്ത കുറഞ്ഞത് അഞ്ച് വർഷം കൂടിയെങ്കിലും ഫുൾ കവർ ഇൻഷുറൻസ് കിട്ടാവുന്ന, ഡീലറുടെ പക്കൽ നിന്നും സർട്ടിഫൈഡ് ആയി ലഭിയ്ക്കുന്ന ,ഗ്യാരണ്ടിയോ വാറണ്ടിയോ സർവീസ് പാക്കേജുകളോ കൂടി ലഭിയ്ക്കുന്ന വണ്ടികളാണ് കൂടുതൽ അഭികാമ്യം എന്ന് നാം കണ്ടു.
പഴയ വാഹനം വാങ്ങുമ്പോൾ പ്രധാനമായും ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.
വണ്ടി ഓടിയ്ക്കാനാണ് വാങ്ങുന്നതെങ്കിൽ റണ്ണിങ് കണ്ടിഷൻ ഉണ്ടോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്.ഇത് ഓടിച്ച് നോക്കി തന്നെ ബോധ്യമാകണം.
വണ്ടിയുടെ ബോഡി,പെയിൻറിംഗ് ഇവയുടെ കണ്ടിഷൻ നോക്കണം.ബോഡിയ്ക്ക് ചളുക്കം,തുരുമ്പ്,പൊട്ടൽ എന്നിവയുണ്ടെങ്കിൽ അത് നന്നാക്കി പെയിൻറ് ചെയ്യാൻ വരുന്ന ചിലവ് കൂടി കണക്കാക്കി വേണം വാഹനത്തിന്റെ വില നിശ്ചയിക്കാൻ .
വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിച്ച് നോക്കി പിന്നീട് മറ്റാരെക്കൊണ്ടെങ്കിലും ഓടിപ്പിച്ച് യാത്ര ചെയ്തു നോക്കി കണ്ടീഷൻ എങ്ങനെയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
നല്ല റണ്ണിങ് കണ്ടീഷനിലുള്ള വണ്ടി പൊതുവെ നല്ല വണ്ടി ആയിരിയ്ക്കും.എങ്കിലും ഒരു എക്സ്പെർട്ട് മെക്കാനിക്കിന്റെയും വണ്ടിയോടിച്ചു നല്ല തഴക്കവും പഴക്കവുമുള്ള ഒരു ഡ്രൈവറുടെയുംസഹായം വാഹനപരിശോധനയിൽ തേടാവുന്നതാണ്.വാഹനത്തിന്റെ കൃത്യമായ വില നിർണ്ണയത്തിൽ ഇവരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകാവുന്നതാണ്.
ഒരു പഴയ വാഹനം നമ്മൾ കാണാൻ പോവുമ്പോൾ അത് പകൽ വെളിച്ചത്തിൽ തന്നെയാവണം.എന്നാലേ അതിന്റെ ഷേപ്പ്,ബോഡി,പെയിൻറിംഗ് എന്നിവയെ ഒക്കെ സംബന്ധിച്ച് ഏകദേശം കൃത്യമായ ഒരു വിലയിരുത്തൽ സാധ്യമാവൂ.
റോഡിലോ പോർച്ചിലോ കിടക്കുന്ന ഒരു വാഹനത്തിന്റെ പുറമെയുള്ള വശങ്ങൾ മാത്രമേ നമുക്ക് കാണാൻ സാധിയ്ക്കൂ. വാഹനത്തിന്റെ ഷാസി (നാട്ടുഭാഷയിൽ ചെയ്‌സ് )അണ്ടർ ബോഡി ,അടിഭാഗത്തുള്ള അനുബന്ധ യന്ത്ര ഘടകങ്ങൾ ഇവയ്ക്കൊക്കെ എന്തെങ്കിലും പൊട്ടലോ തുരുമ്പോ മറ്റെന്തെങ്കിലും കേടുപാടുകളോ ഉണ്ടെങ്കിൽ അത് മനസ്സിലാക്കാൻ ഇത്തരമൊരു വിലയിരുത്തൽ അത്യന്താപേക്ഷിതമാണ്.ഇതിനായി വർക് ഷോപ്പുകളിലോ സർവീസ് സെന്റർകളിലോ ഉള്ള റാമ്പ് പോലെയുള്ള സംവിധാനം ഉപയോഗിയ്ക്കാവുന്നതാണ്.വാഹനത്തിന്റെ അടിഭാഗം വാട്ടർ സർവീസിങ്ങിന്റെ അഭാവം മൂലം പൂർണ്ണമായും ദൃശ്യമല്ല എങ്കിൽ അത്തരം വാഹനം വാട്ടർ സർവീസ് ചെയ്ത ശേഷം ഒരിയ്ക്കൽ കൂടി കണ്ട് ബോധ്യപ്പെടണം.ഇതിനു സാധിച്ചില്ലെങ്കിൽ ആ വാഹനം വാങ്ങരുത്.
വണ്ടിയുടെ പെർമിറ്റ്, ഇൻഷുറൻസ് ,ഫിറ്റ്നസ് എന്നിങ്ങനെ പേപ്പർ സംബന്ധമായ കാര്യങ്ങൾക്ക് കുറഞ്ഞത് 6 മാസത്തെ കാലാവധിയെങ്കിലും ഉറപ്പു വരുത്തണം .വാഹനത്തിന്റെ ഓണർ ഷിപ്പ് R C ബുക്കിലും ഇൻഷുറൻസിലും വണ്ടി കച്ചവടം ആക്കിയാലുടൻതന്നെ മാറ്റിയെടുക്കേണ്ടതാണ്.
0 Comments