വണ്ടിയോടിയ്ക്കുമ്പോൾ ഉറക്കം വന്നാൽ എന്ത് ചെയ്യണം ?വണ്ടി ഉടൻ തന്നെ നിർത്തിയിട്ടിട്ട് ഉറങ്ങണം.ഒരിയ്ക്കലും ഉറക്കം തൂങ്ങി വണ്ടിയോടിയ്ക്കരുത്.അങ്ങനെ വണ്ടിയോടിച്ചാൽ ചിലപ്പോൾ ഒരു ഒരു സെക്കൻഡ് നേരത്തേയ്‌ക്കെങ്കിലും നമ്മൾ ശരിയ്ക്കും ഉറങ്ങിപ്പോയേക്കാം.ആ ഒരു സെക്കൻഡ് മതി ഒരു വലിയ അപകടം സംഭവിയ്ക്കാൻ.ഉറക്കം നന്നായി തെളിഞ്ഞ ശേഷമേ പിന്നീട് വണ്ടിയോടിയ്ക്കാവൂ.എപ്പോഴാണ് വണ്ടിയോടിയ്ക്കുമ്പോൾ ഉറക്കം വരാൻ സാധ്യത?അഥവാ ആർക്കൊക്കെ?രാത്രിയിൽ ഉറക്കക്കുറവുള്ളവർക്കാണ് കൂടുതലും ഇതിനുള്ള സാധ്യത.അത്തരം ആളുകൾ ഉറക്കക്കുറവിന് ചികിത്സ തേടി ആ പ്രശ്‍നം പരിഹരിച്ച ശേഷമേ വാഹനം ഓടിയ്ക്കാവൂ.രാത്രി ഉറക്കം ഇളയ്‌ക്കേണ്ടി വരുന്നവർക്കും പകൽ വണ്ടിയോടിയ്ക്കുമ്പോൾ ഉറക്കം വന്നേക്കാം.അങ്ങനെയെങ്കിൽ യാത്ര ഒഴിവാക്കുകയോ മാറ്റിവെയ്ക്കുകയോ വണ്ടി നന്നായി ഓടിയ്ക്കാൻ അറിയാവുന്ന ആരെയെങ്കിലും ഏല്പിയ്ക്കുകയോ ആണ് നല്ലത് .മദ്യപിച്ചോ മയക്കുമരുന്നുപയോഗിച്ചോ വണ്ടിയോടിച്ചാലും ഉറക്കം വരാൻ സാധ്യതയുണ്ട്.വണ്ടിയോടിച്ചാലും ഇല്ലെങ്കിലും അത്തരം ദു ശീലങ്ങൾ പൂർണ്ണമായും ഉപേക്ഷിയ്ക്കുകയാണ് വേണ്ടത്.ചുമ ,ജലദോഷം ഇവയ്ക്കുപയോഗിയ്ക്കുന്ന ചില മരുന്നുകൾ ഉറക്കമോ മയക്കമോ ഉണ്ടാക്കിയേക്കാം.അതിനാൽ തന്നെ അത്തരം മരുന്നുകൾ കഴിച്ചയുടനെ വണ്ടിയോടിയ്ക്കരുത്.ശരാശരി 6 മുതൽ 8 മണിയ്ക്കൂർ വരെ ഉറക്കമാണ് ഒരു ദിവസം ഒരു വ്യക്തിയ്ക്ക് വേണ്ടത്.ഒരു ദിവസം കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറക്കം കിട്ടിയില്ലെങ്കിൽ അന്നേ ദിവസം വണ്ടിയോടിയ്ക്കരുത് .
രാത്രിയിൽ 10 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയമാണ് സാധാരണയായി നാമെല്ലാം ഉറങ്ങാറ് .എന്നാൽ ഡ്രൈവിംഗ് ജോലിയായി സ്വീകരിച്ചവർക്ക് ഈ സമയനിഷ്ഠ പലപ്പോഴും പാലിയ്ക്കാൻ സാധിച്ചേക്കില്ല.അപ്പോൾ 10pm to 4am / 12pm to 6am എന്ന ടൈം ഷെഡ്യൂൾ എങ്കിലും ഉറങ്ങാനായി പാലിയ്ക്കുക.അല്ലെങ്കിൽ 6am to 6pm ടൈം ലിമിറ്റിനുള്ളിൽ മിനിമം 6 മണിക്കൂറെങ്കിലും ഉറങ്ങാൻ സമയം കണ്ടെത്തുക.ഇതിനൊന്നുംസാധിയ്ക്കാത്തവർ 24 മണിക്കൂറിനുള്ളിൽ മിനിമം 6 to 8 മണിക്കൂർ ഉറങ്ങാൻ സമയം കണ്ടെത്തിയേ പറ്റൂ.
ദീർഘദൂരം തുടർച്ചയായി വണ്ടിയോടിയ്ക്കേണ്ടിവന്നാലും 6/ 24 മണിക്കൂർ ഉറക്കം നിർബന്ധമാണ് ,ഇതുകൊണ്ടാണ് കൂടുതൽ ദൂരം കൂടുതൽ നേരം ഓടിയ്‌ക്കേണ്ട നാഷണൽ പെർമിറ്റ് /ഓൾ ഇൻഡ്യ പെർമിറ്റ് ലോറികളിലും ദീർഘദൂരം ഓടുന്ന ടൂറിസ്റ്റ് ബസുകളിലും ഒക്കെ രണ്ട് ഡ്രൈവർമാരെ നിയോഗിയ്ക്കുന്നത്.നമ്മുടെ KSRTC യിലൊക്കെ ദീർഘദൂര സർവീസുകളിൽ ഒരു നിശ്ചിത ദൂര സമയ പരിധികൾക്കുള്ളിൽ രണ്ടു ഡ്രൈവർമാരെ ഓരോ ഷിഫ്റ്റായാണ് നിയോഗിയ്ക്കുന്നത് എന്നതും ഇത് കൊണ്ട് തന്നെയാണ് .
വയറുനിറയെ ഉച്ചഭക്ഷണം കഴിച്ച ശേഷം ഉടൻ തന്നെ എ സി ഓണാക്കി കാറോടിച്ചാൽ ഉറക്കം വരാൻ സാധ്യത കൂടുതലാണ്.ഇത്തരം സന്ദർഭങ്ങൾ യുക്തിപൂർവം കൈകാര്യം ചെയ്യുക.
ഉറക്കം വരാതിരിയ്ക്കാൻ ചില പൊടിക്കൈകളൊക്കെ ചില ഡ്രൈവർമാർ പ്രയോഗിയ്ക്കാറുണ്ട്.ചിലർ ഉറക്കം വന്നാൽ പുകവലിയ്ക്കും.പുകവലി ആരോഗ്യത്തിന് ഹാനികരവും ക്യാൻസറിന് കാരണവും ആയതിനാൽ ഇതൊരിയ്ക്കലും ശുപാർശ ചെയ്യപ്പെടാവുന്ന ഒന്നല്ല.പിന്നെയുള്ളത് കട്ടൻ കാപ്പിയും കട്ടൻ ചായയുമൊക്കെയാണ്.ഉപയോഗിച്ചിട്ട് ഫലമുണ്ടെങ്കിൽ ഇവയൊക്കെയാവാം.ഉപയോഗിച്ചിട്ടും ഫലമില്ലെങ്കിൽ പരീക്ഷണത്തിന് മുതിരരുത്.കാരണം ഏറ്റവും അധികം വിലപ്പെട്ടത് മനുഷ്യജീവൻ തന്നെയാണ്.
0 Comments