സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങുമ്പോൾ .....


ഒരു വണ്ടി സ്വന്തമാക്കണമെന്ന്ആഗ്രഹിയ്ക്കുന്നവരിൽ ഭൂരിഭാഗവും അതു പുതിയത് തന്നെ വേണമെന്ന് സ്വപ്നം കാണുന്നവരാണ്.എന്നാൽ പല കാരണങ്ങൾ കൊണ്ടും കൂടുതലാളുകൾക്കും അതിന് കഴിയാറില്ല.അതിലേറ്റവും പ്രധാനം സാമ്പത്തികം തന്നെയാണ്.പുതിയ വണ്ടി വാങ്ങുമ്പോൾ വണ്ടിയുടെ വില മാത്രമല്ല, ടാക്സ് ( അതും 15 വർഷത്തേയ്ക്ക് ഒരുമിച്ച്)ഇൻഷുറൻസ് , രജിസ്ട്രേഷൻ സംബന്ധമായുള്ള ചെലവുകൾ അങ്ങനെ ഒരുപാട് പണം ചെലവാക്കേണ്ടതുണ്ട്.അങ്ങനെ വരുമ്പോഴാണ് നമ്മൾ ഒരു സെക്കൻഡ് ഹാൻഡ്/ യൂസ്‌ഡ്‌ കാർ വാങ്ങിയാലോ എന്നാലോചിയ്ക്കുന്നത്.ഇവിടെ വണ്ടിയുടെ വിലയൊഴികെ പ്രാരംഭ ചെലവുകൾ കാര്യമായി ഒന്നും തന്നെ ഉണ്ടാവാറില്ല.അതു നമ്മൾ പരിശോധിച്ച് ബോധ്യപ്പെടേണ്ട കാര്യമാണ്.വണ്ടി ഏതു മോഡലാണ് (നിർമ്മിച്ച വർഷം), ഏതു മാസം, ടാക്സ്, ഇൻഷുറൻസ് എന്നിവ കറന്റാണോ ഈ വക കാര്യങ്ങൾ പരിശോധിയ്ക്കണം.ഉദാഹരണത്തിന്  ഒരു വർഷം ജനുവരി മാസവും ഡിസംബർ മാസവും നിർമ്മിയ്ക്കപ്പെട്ട വാഹനങ്ങൾ ഒരേ മോഡലാണെങ്കിലും സെക്കന്റ് ഹാൻഡ് മൂല്യം വ്യത്യസ്തമായിരിയ്ക്കും.വാഹനം വാങ്ങുമ്പോൾ ഈ കാര്യം കൂടി പരിഗണിയ്ക്കണം.കാരണം നമ്മൾ വണ്ടി വിൽക്കുമ്പോഴും ഇതേ മാനദണ്ഡമാവും വാങ്ങാനെത്തുന്നവർ കണക്കാക്കുക.മറ്റൊരു പ്രധാനപ്പെട്ട കാര്യം ഓടിയ കിലോമീറ്ററുകളാണ്.പഴക്കം താരതമ്യേന കൂടുതലും ഓടിയ കിലോമീറ്ററുകൾ താരതമ്യേന കുറവും പ്രോപ്പർ സർവീസിംഗ് ചെയ്തിട്ടുള്ളതും നല്ല കണ്ടീഷനിലുള്ളതുമായ വാഹനം നേരേ വിപരീതമായ അവസ്ഥകളിലുള്ള വാഹനത്തേക്കാൾ അഭികാമ്യമായിരിയ്ക്കും.അതായത് സാമാന്യം പുതിയതെങ്കിലും ഒരു പാട് കിലോമീറ്റർ ഓടിയ കൃത്യമായി സർവ്വീസിംഗ് നടത്താത്ത മോശം കണ്ടീഷനിലുള്ള വണ്ടി ഒരിയ്ക്കലും വാങ്ങരുത്.കാര്യമായ അപകടത്തിൽ പെട്ട വാഹനങ്ങൾ വാങ്ങരുത്. മെയിന്റനൻസ് ചെലവുകൾ ഇവയ്ക്ക് കൂടുതലായിരിയ്ക്കും.ഒരു കാലത്തും നല്ല കണ്ടീഷനിലാവുകയുമില്ല.ഭാവിയിൽ പുതിയ കാർ വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിലും പരിശീലനവും പ്രാഗൽഭ്യവും നേടാൻ സെക്കൻഡ് ഹാൻഡ് വാഹനമാണ് നല്ലത്.കഴിയുന്നതും 10 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ വാങ്ങരുത്.മാനുഫാക്ചറിങ് നടത്തിയ കമ്പനി ഇപ്പോൾ നിലവിലില്ലെങ്കിൽ ആ വാഹനം വാങ്ങരുത്.വിപണിയിൽ നിന്ന് പിൻവലിയ്ക്കപ്പെട്ട മോഡലുകൾക്ക് നിർമ്മാതാവും ഡീലറും കുറഞ്ഞത് 5 വർഷത്തേയ്ക്കെങ്കിലും പ്രോപ്പറായ സർവ്വീസ് നൽകുന്നില്ലെങ്കിൽ ആ വാഹനം വാങ്ങരുത്.ഫുൾ കവർ ഇൻഷുറൻസ് ഇല്ലാത്ത വാഹനം വാങ്ങാതിരിയ്ക്കുകയോ വാങ്ങിയാലുടൻ തന്നെ ഫുൾ കവർ ഇൻഷുറൻസെടുക്കാതെ റോഡിലിറക്കുകയോ ചെയ്യരുത്.സർട്ടിഫൈഡ് സെക്കന്റ് ഹാൻഡ് വിപണിയിൽ നിന്നായാൽ പോലും ഇക്കാര്യം ശ്രദ്ധിയ്ക്കണം.ഇൻഷുറൻസ് കമ്പനികൾ  ഫുൾ കവർ ഇൻഷുറൻസ് നൽകാൻ വിസമ്മതിയ്ക്കുന്ന വാഹനങ്ങൾ വാങ്ങരുത്. ഫുൾ കവർ ഇൻഷുറൻസില്ലാത്ത വാഹനം അപകടത്തിൽ പെട്ടാൽ വാഹന ഉടമ തന്നെ അറ്റകുറ്റപ്പണികൾക്കുള്ള പണം മുടക്കേണ്ടിവരും.അതായത് 10 വർഷത്തിലധികം പഴക്കമില്ലാത്ത,5 വർഷത്തേയ്ക്ക് കൂടിയെങ്കിലും ഫുൾ കവർ ഇൻഷുറൻസ് ലഭ്യമാകുന്ന വാഹനമേ വാങ്ങിയ്ക്കാവൂ.15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് പൊതുവേ ഇൻഷുറൻസ് കമ്പനികൾഫുൾ കവർ  ഇൻഷുറൻസ് നൽകാറില്ല.പ്രമുഖ വാഹന ഡീലർമാരൊക്കെ ഇപ്പോൾ അവരുടെ ഷോറൂമുകൾ വഴി സർട്ടിഫൈഡ് യൂസ്ഡ് കാറുകൾ വിൽക്കുന്നുണ്ട്.ഒരു പാട് മാനദണ്ഡങ്ങൾ വെച്ച് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ വാഹനങ്ങളാണ് ഇവയെന്നാണ് പ്രസ്തുത ഡീലർമാർ അവകാശപ്പെടുന്നത്.യൂസ്ഡ് കാർ / സെക്കന്റ് ഹാൻഡ് വാഹനങ്ങൾ വാങ്ങാനുദ്ദേശിയ്ക്കുന്നവർക്ക് ഇവരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.ഹോണ്ടായുടെ ഓട്ടോ ടെറസ് , മാരുതി സുസുക്കിയുടെ ട്രൂ വാല്യൂ , ഹ്യുണ്ടായ് യുടെ പ്രോമിസ് തുടങ്ങിയവ പ്രസ്തുത കമ്പനികളുടെ ഡീലർമാർ നൽകുന്ന പ്ലാറ്റ്ഫോമുകളാണ്.

Post a Comment

0 Comments