ഇടതു വശത്ത് കൂടി ഓവർ ടേക്കിങ് ....അരുത് അബു അരുത്



വാഹനത്തിന്റെ ഇടതുവശത്തുകൂടി ഓവർ ടേക്ക് ചെയ്യരുതെന്ന് എല്ലാവർക്കുമറിയാം.ഇത് തികച്ചും നിയമവിരുദ്ധവുമാണ് .പക്ഷെ ചെയ്യുന്നതങ്ങനെയാണോ?എട്ടിലപ്പടി ,പയറ്റിലിപ്പിടി  എന്ന മട്ടിലാണ് കാര്യങ്ങൾ.ഇടതുവശത്ത് കൂടിയേ ഓവർ ടേക്ക് ചെയ്യൂ എന്ന് ദൃഢനിശ്ചയം എടുത്തിട്ടാണ് വണ്ടിയുമായി ചിലർ റോഡിലിറങ്ങുന്നതെന്ന് തോന്നും.ഇരുചക്രവാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്കാണ് ഈ അഭ്യാസം കൂടുതൽ.അൽപ്പം സ്ഥലം കിട്ടിയാൽ മതി അതു വഴി നുഴഞ്ഞു കയറിയോ ചീറിപ്പാഞ്ഞോ ഒന്നുമറിയാത്തമട്ടിൽ പാട്ടും പാടിയോ  ഒക്കെ കടന്നുപോകും ചിലർ.മെയിൻ റോഡിൽനിന്ന് പോക്കറ്റ് റോഡിലേയ്‌ക്കോ പോക്കറ്റ് റോഡിൽനിന്ന് മെയിൻ റോഡിലേയ്‌ക്കോ ഒക്കെ ഒരു 90 ഡിഗ്രി തിരിയ്ക്കുന്നതിനിടയിൽപോലും ഇടതുവശത്തുകൂടി ഓവർ ടേക്കിങ് നടത്തിക്കളയും ചില വിരുതന്മാർ.
                                                                           സാന്ദർഭികമായി ഒരു കാര്യം പറയട്ടെ,വിരുതന്മാർ മാത്രമല്ല ചില വിരുതകളും കൂടിയുണ്ട് ഇപ്പോൾ ഈ കൂട്ടത്തിൽ.പിന്നെ ഇരുചക്രവാഹനങ്ങൾ മാത്രമല്ല ഇട കിട്ടിയാൽ ഓട്ടോറിക്ഷ മുതൽ ബസ് വരെ ഈ കലാരൂപം വളർത്തുന്നതിലും വികസിപ്പിയ്ക്കുന്നതിലും തങ്ങളുടേതായ എളിയ സംഭാവനകൾ സമർപ്പിയ്ക്കുന്നുണ്ട്,
                                               എന്താണ് ഇടതുവശത്തുകൂടി ഓവർ ടേക്ക് ചെയ്താലുള്ള അപകടം?റോഡിന്റെ ഇടതുവശം ചേർന്ന് കൃത്യമായി ശ്രദ്ധയോടെ വണ്ടിയോടിയ്ക്കുന്നവരെപ്പോലും പലപ്പോഴും അപകടത്തിലാക്കാൻ ഇവരുടെ ഈ കുൽസിതപ്രവൃത്തി കാരണമാകും.മുൻപോട്ട് വണ്ടിയോടിയ്ക്കുന്ന ഒരാൾക്ക്എതിർഭാഗത്തുനിന്നും പിൻഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെയുമാണ് പ്രധാനമായും ശ്രദ്ധിയ്ക്കാൻ കഴിയുക.എതിർദിശയിൽ നിന്നും വരുന്ന വാഹനം റോഡിന്റെ മധ്യഭാഗം കടന്നും വരികയാണെങ്കിൽ ഇടതുഭാഗത്ത് കൂടി പോകുന്ന വാഹനത്തിന് ന്യായമായും ഇടത്തോട്ടേ വെട്ടിച്ചോഴിവാക്കാൻ സാധിയ്ക്കൂ.ഇടതുവശത്ത് കൂടി ഓവർ ടേക്ക് ചെയ്യുന്നയാൾക്ക് ഇത് കാണാനും മനസിലാക്കാനും സാധിയ്ക്കുകയില്ല.ചെറുതോ വലുതോ ആയ അപകടം ഇതുമൂലമുണ്ടാകാം.ഓടിയ്ക്കുന്നയാൾക്ക് ശാരീരികമായ പരുക്കുകളോ നിർഭാഗ്യവശാൽ മരണമോ സംഭവിച്ചാൽ പോലും ഇൻഷുറൻസ് പരിരക്ഷ ലഭിയ്ക്കില്ല.നിയമലംഘനം നടത്തിയിട്ട് ഇൻഷുറൻസ് പരിരക്ഷ ആവശ്യപ്പെടുന്നതിൽ അർത്ഥമില്ലല്ലോ.
                                                                                          പക്ഷെ ഇതൊന്നും പലരുടെയും തലയിൽ കയറില്ല.ഇടതുഭാഗത്ത് കൂടി ഓവർ ടേക്ക് ചെയ്യാൻ കഷ്ടപ്പെട്ട് ഒരു വിധത്തിൽ മുന്നിൽ കയറിയിട്ട് തങ്ങളുടെ വഴി തടയുന്നോടാ എന്ന മട്ടിൽ തിരിഞ്ഞ് ഒരു നോട്ടമുണ്ട് ചിലർ.പുറകിൽ കൊണ്ടുവന്നു തട്ടിയിട്ട് മുൻപിൽ കയറി ചില കൈമുദ്രകൾ കാണിച്ചിട്ട് വെടിച്ചില്ല് പോലെ പായും മറ്റ് ചിലർ.ഇടതുവശത്തുകൂടി ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചിട്ട് മുന്പിലോടുന്ന വണ്ടിയുടെ പുറകിൽ ചെന്നിടിച്ചിട്ട് തങ്ങൾക്ക് മാത്രം പറ്റിയ പരിക്കിന് നഷ്ടപരിഹാരം ചോദിച്ച് വരുന്നത്ര അവകാശബോധം കാണിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു ഇപ്പോൾ ചിലർ.
                                                                                        ഇതവസാനിപ്പിയ്ക്കാൻ ഒറ്റ മാർഗ്ഗമേയുള്ളു.നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും തെറ്റ് ചെയ്യുന്നവരുടെ ലൈസൻസ് എന്നെന്നേയ്ക്കുമായി റദ്ദ് ചെയ്യുക തന്നെ വേണം.ഇതിന് റോഡിൽ പല ഭാഗത്തും രഹസ്യമായി നിരീക്ഷണ ക്യാമറകൾ വെച്ച് നിയമലംഘനം നടത്തി ഓവർ ടേക്ക് ചെയ്യുന്നവരുടെ ലൈസൻസ് റദ്ദു ചെയ്യണം. വാഹനങ്ങളിൽ ക്യാമറ വെച്ച് പിറകിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാനും റെക്കോർഡ് ചെയ്യാനും പറ്റുന്നുണ്ടെങ്കിൽ അത് ചെയ്യണം.പുതിയ വാഹനം വാങ്ങുമ്പോൾ അതിൽ ഈ സംവിധാനങ്ങൾ ഇൻ ബിൽറ്റ് ആയി ഉണ്ടോ എന്നത് നോക്കി വാങ്ങണം.നമ്മൾ എത്ര ശ്രദ്ധിച്ചാലും അപകടം ഉണ്ടാവാം.പക്ഷെ നിയമവിരുദ്ധമായി പ്രവർത്തിയ്ക്കുന്നവർ അപകടമുണ്ടാക്കി നമ്മുടെ മേൽ കുതിര കയറാനുള്ള സാഹചര്യം തീർച്ചയായും ഇല്ലാതാക്കണം.















Post a Comment

0 Comments