യാത്രക്കിടയിൽ ഡ്രൈവറോട് സംസാരിക്കരുത്

         യാത്രക്കിടയിൽ ഡ്രൈവറോട് സംസാരിക്കരുത് എന്നെഴുതി വെച്ചിരുന്നത് കണ്ടിരുന്നു ബസിൻറ്റെ ഫ്രണ്ടിൽ പണ്ടുകാലത്ത്.ഇപ്പോൾ അങ്ങനെയൊന്നും കാണുന്നില്ല.അന്നൊക്കെ ബസിൻറ്റെ മുൻപിൽ പെട്ടിപ്പുറത്ത് ഇരുന്ന് യാത്ര ചെയ്യാവുന്ന   ഒരു സംവിധാനം ഉണ്ടായിരുന്നു.ഒരു ചെറിയ ബെഞ്ചിൻറ്റെ വലിപ്പവും മേശ പോലെയോ പത്തായം പോലെയോ സാധനങ്ങൾ സൂക്ഷിക്കാനുള്ള അടപ്പുള്ള ഒരു സംവിധാനവും ആയിരുന്നു അത്.കൂടുതലും കുട്ടികളായിരുന്നു പെട്ടിപ്പുറത്തിരുന്നു യാത്രചെയ്തിരുന്നത്.യാത്രക്കിടയിൽ ഡ്രൈവറോട് വണ്ടിയിലെ ജീവനക്കാരും പരിചയക്കാരും ഒക്കെ അടുത്തുവന്നും  അല്ലാതെയും ഒക്കെ സംസാരിക്കുന്നത് അന്നൊരു പതിവായിരുന്നു.ഇത് അപകടങ്ങൾക്കിടയാക്കിയേക്കാം എന്നത് മൂലം നിയമപരമായി ചെയ്യേണ്ടിയിരുന്ന ഒരു മുന്നറിയിപ്പായിരുന്നോ ഇതെന്നും അറിയില്ല.

                        എന്തായാലും യാത്രക്കിടയിൽ ഡ്രൈവറോട് ശ്രദ്ധ തിരിക്കുന്ന വിധത്തിൽ അടുത്ത് വന്നുനിന്ന് ദീർഘമായി സംസാരിക്കുന്നത് അപകടങ്ങൾക്കിടയാക്കുക തന്നെ ചെയ്യും.ഇത്തരം സംസാരങ്ങൾ ഒഴിവാക്കേണ്ടത് തന്നെ.എന്നാൽ ദീർഘദൂരയാത്രകളിൽ ഡ്രൈവർ ഉറങ്ങിപ്പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ഇടയ്ക്കൊക്കെ എന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരുന്ന് ഉറങ്ങിപ്പോകുന്നത് ഒഴിവാക്കാനും അഥവാ ഉറക്കമോ ക്ഷീണമോ ഡ്രൈവറെ ബാധിച്ചാൽ പകരം വണ്ടിയോടിക്കാനും ഒരു കോ ഡ്രൈവറുടെ സാന്നിധ്യം ഉണ്ടാവുന്നത് തീർച്ചയായതും നല്ലത് തന്നെ.സമീപകാലത്ത് ദീർഘദൂരവാഹനങ്ങൾ ഒറ്റ സാരഥിയുമായി അപകടങ്ങളിൽപെടുന്നത് കാണുമ്പോൾ ഈ ഒരു സംവിധാനം തിരിച്ചുകൊണ്ടുവരേണ്ടതുണ്ടെന്നു തോന്നുന്നു.




Post a Comment

0 Comments